ന്യൂഡല്‍ഹി:ചൈനയുമായി നിലനിന്ന അതിര്‍ത്തി തര്‍ക്കത്തില്‍ യാതൊരു വിട്ട് വീഴ്ച്ചയും ഇല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതോടെ സൈനിക തല ചര്‍ച്ച,നയതന്ത്ര തല ചര്‍ച്ച എന്നീ നിലപാടുകളിലേക്ക് ചൈന എത്തുകയായിരുന്നു.
ചൈന ഇങ്ങനെ ചര്‍ച്ചയുടെ വഴി സ്വീകരിച്ചതോടെ ലഡാക്ക് അതിര്‍ത്തിയില്‍ നിലനിന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുകയും ചെയ്തു.
പര്‍വ്വത പ്രദേശങ്ങളില്‍ ചൈനയേക്കാള്‍ ഇന്ത്യയുടെ സൈന്യമാണ് കരുത്ത് കാട്ടുക എന്ന് ചൈനയ്ക്ക് ബോധ്യപെട്ടതും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ
പിന്മാറ്റത്തിന് കാരണമായതായി റിപ്പോര്‍ട്ടുണ്ട്,
യാതൊരു വിട്ട് വീഴ്ച്ചയും അതിര്‍ത്തി തര്‍ക്കത്തില്‍ കാട്ടേണ്ട എന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചതിന് പിന്നാലെ അതിര്‍ത്തിയില്‍ ഇന്ത്യ സേനാ വിന്യാസം നടത്തുകയും ചെയ്തു.
അന്താരാഷ്‌ട്ര തലത്തിലും ചൈനയ്ക്കെതിരെ മറ്റ് രാജ്യങ്ങളുടെ പിന്തുണ സ്വന്തമാക്കുന്നതിന് ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു.
അതേസമയം ചൈനയാകട്ടെ,നേപ്പാളിനെ ഇന്ത്യയ്ക്കെതിരെ നിര്‍ത്തുന്നതിനാണ് ശ്രമിക്കുന്നത്.
നേപ്പാളില്‍ അധികാരത്തില്‍ ഇരിക്കുന്ന നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലിക്ക് ചൈനയുമായി അടുപ്പമുണ്ട്.
നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ഇന്ത്യാ അനുകൂലികളും ചൈന അനുകൂലികളും എന്ന രണ്ട് വിഭാഗം ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.
Also Read:അതിർത്തിയിൽ ആശ്വാസം, സൈന്യത്തെ പിൻവലിച്ച് ഇന്ത്യയും ചൈനയും
പാര്‍ട്ടിക്കുള്ളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ നേപ്പാള്‍ ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കി.
പാര്‍ട്ടിയിലും പുറത്തും എതിര്‍പ്പ് രൂക്ഷമായ സാഹചര്യത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഓലി ദേശീയതയെ ആയുധമാക്കി പ്രതിസന്ധിയെ
മറികടക്കുന്നതിനാണ് ശ്രമിച്ചത്,
ലിപുലേഖ്,കാലാപാനി,ലിംപിയാധുര എന്നീ ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയാണ് നേപ്പാള്‍ പുതിയ ഭൂപടം പുറത്തിറക്കിയത്
തങ്ങള്‍ തര്‍ക്ക പ്രദേശങ്ങളെയാണ് ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പറയുമ്പോള്‍ തന്നെ ഇക്കാര്യത്തില്‍ നയതന്ത്ര ചര്‍ച്ചയാകാമെന്നും നേപ്പാള്‍
വ്യക്തമാക്കുന്നു,
ചൈനയുടെ സ്വാധീനമാണ് നേപ്പാളിന്‍റെ പുതിയ നീക്കത്തിന് പിന്നില്‍ എന്ന് ഇന്ത്യ മനസിലാക്കിയിട്ടുണ്ട്.അത് കൊണ്ട് തന്നെ നേപ്പാളിലെ രാഷ്ട്രീയ നേതാക്കളെക്കാളും
സാധാരണ ജനങ്ങളെ വിശ്വാസത്തില്‍ എടുക്കുന്നതിനാണ് ഇന്ത്യയുടെ നീക്കം.
ചൈനയുടെ കൈയ്യിലെ പാവ ഭരണകൂടം നേപ്പാളില്‍ അധികാരത്തില്‍ ഇരിക്കുന്നത് തങ്ങള്‍ക്ക് ഭീഷണിയാണെന്നും ഇന്ത്യ തിരിച്ചറിയുന്നു,
എന്തായാലും ചൈനയുടെ നിഴല്‍ യുദ്ധമാണ് നേപ്പാളിനെ മറയാക്കി പുതിയ വിവാദ ഭൂപടത്തിലൂടെ നടക്കുന്നതെന്ന് ഇന്ത്യ മനസിലാക്കിയിട്ടുണ്ട്.
അതുകൊണ്ട് നേപ്പാളിന്‍റെ അവകാശ വാദം തള്ളിക്കളഞ്ഞ ഇന്ത്യ,നേപ്പാളിന്‍റെ ഓരോ നീക്കവും നിരീക്ഷിക്കുകയാണ്.ഇക്കാര്യത്തില്‍ നേപ്പാളിന് നല്‍കുന്ന
മറുപടി ചൈനയ്ക്ക് കൂടിയുള്ളതാകണം എന്നതാണ് ഇന്ത്യയുടെ നയം.