ദളിത് സംഘടനകളുടെ ഭാരത് ബന്ദില്‍ വ്യാപക അക്രമം; ഒരാള്‍ കൊല്ലപ്പെട്ടു

മധ്യപ്രദേശിലെ ഗ്വാളിയോര്‍, മൊരേന എന്നിവിടങ്ങളില്‍ അക്രമം പടരുന്നത് തടയാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Last Updated : Apr 2, 2018, 01:03 PM IST
ദളിത് സംഘടനകളുടെ ഭാരത് ബന്ദില്‍ വ്യാപക അക്രമം; ഒരാള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: പട്ടികജാതി/വർഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രീംകോടതിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ അക്രമം വ്യാപകം. മധ്യപ്രദേശിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 

മധ്യപ്രദേശിലെ ഗ്വാളിയോര്‍, മൊരേന എന്നിവിടങ്ങളില്‍ അക്രമം പടരുന്നത് തടയാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. റയില്‍ ഗതാഗതം ഉപരോധിച്ച പ്രവര്‍ത്തകര്‍ റയില്‍വേ ട്രാക്കില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി. മീററ്റില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 

 

 

ഉത്തരാഖണ്ഡില്‍ നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ വമ്പന്‍ റാലികള്‍ നടന്നു. ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ നടന്ന റാലിയ്ക്കിടെ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് വാഹനങ്ങള്‍ കത്തിച്ചു. 

 

 

രാജസ്ഥാനിലും ദളിത് സംഘടനകളുടെ റാലിയ്ക്കിടെ ആക്രമണം നടന്നു. പിന്നീടുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കടകള്‍ ആക്രമിക്കപ്പെട്ടു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലും പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ഡല്‍ഹിയിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലികള്‍ നടന്നു. 

 

 

പട്ടികജാതി/വർഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരെ കേസിൽ കുടുക്കി ഉടൻ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന സുപ്രീം കോടതിയുടെ മാര്‍ച്ച് 20ലെ ഉത്തരവിലാണ് പ്രതിഷേധം. 

Trending News