ന്യൂഡെല്‍ഹി:വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി,അതേസമയം കലാപത്തില്‍ അന്വേഷണം നടത്തുന്നതിന് രണ്ട് പ്രത്യേക അന്വേഷണ സംഘത്തിന് ക്രൈംബ്രാഞ്ച് രൂപം നല്‍കിയിട്ടുണ്ട്.
ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍മാരായ ജോയ് ടിര്‍ക്കേ,രാജേഷ് ദിയോ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്.ഓരോ സംഘത്തിലും നാല് അസിസ്റ്റന്റ്റ് കമ്മീഷണര്‍ മാരും 12 ഇന്‍സ്പെക്ടര്‍ മാരും,16 സബ് ഇന്‍സ്പെക്ടര്‍ മാരും 12 ഹെഡ് കോണ്‍സ്റ്റബിള്‍ മാരും ഉള്‍പ്പെടുന്നു.
അഡിഷണല്‍ കമ്മീഷണര്‍ ഓഫ് പോലീസ്(ക്രൈം) ബികെ സിംഗ് ആണ് ഈ രണ്ട് സംഘങ്ങളുടെയും മേല്‍നോട്ടം വഹിക്കുക.കലാപവുമായി ബന്ധപെട്ട് 48 എഫ് ഐ ആറുകള്‍ രെജിസ്റ്റര്‍ ചെയ്തെന്നാണ് ഡല്‍ഹി പോലീസ് നല്‍കുന്ന വിവരം.
ഡല്‍ഹി പോലീസിന്‍റെ വീഴ്ച്ചയാണ് സംഘര്‍ഷം കലാപത്തിലേക്ക് നയിച്ചതിന് കാരണം എന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് രൂപം നല്‍കിയത്.ഫെബ്രുവരി 23 ഞായറാഴ്ച്ച പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കലാപമായി മാറുകയായിരുന്നു.ഇപ്പോഴും വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ പല ഭാഗത്തും കലാപം തടയുന്നതിനായി ദ്രുതകര്‍മ്മസേനയെ വിന്യസിച്ചിട്ടുണ്ട്.