ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി മെഹുല്‍ ചോക്‌സിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. സിബിഐയുടെ ആവശ്യപ്രകാരമാണ് ഇന്റര്‍പോളിന്‍റെ ഈ നടപടി.
തട്ടിപ്പുവിവരം പുറത്തുവന്നതിനു പിന്നാലെ ജനുവരിയില്‍ ചോക്‌സി രാജ്യം വിട്ടിരുന്നു. നിലവില്‍ ആന്റിഗ്വയിലാണ് ചോക്‌സി താമസിക്കുന്നത്. ഇയാള്‍ ആന്റിഗ്വയിലെ പൗരത്വം നേടിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു.
അനന്തരവനും വജ്രവ്യാപാരിയുമായ നീരവ് മോദിക്കൊപ്പം ചേര്‍ന്നാണ് ചോക്‌സി പിഎന്‍ബിയില്‍നിന്ന് പതിമൂവായിരം കോടിരൂപയുടെ തട്ടിപ്പു നടത്തിയത്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോക്‌സിക്കെതിരെ മുംബൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.