ന്യൂഡൽഹി: കുരങ്ങുപനി കേസുകൾ നിരവധി രജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കുരങ്ങുപനി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് അടുത്തിടെ യാത്ര ചെയ്തവരെ നിരീക്ഷിക്കാനും രോഗലക്ഷണങ്ങളുള്ളവരെ ആരോഗ്യ കേന്ദ്രങ്ങളിൽ ഐസൊലേറ്റ് ചെയ്യാനും ആശുപത്രികൾക്ക് നിർദ്ദേശം നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
റിപ്പോർട്ടുകൾ അനുസരിച്ച് കാനഡയിൽ നിന്നുള്ള ഒരു യാത്രക്കാരനെ മാത്രമെ ഇതുവരെ രോഗലക്ഷണങ്ങളോടെ ഐസൊലേറ്റ് ചെയ്തിട്ടുള്ളൂ. എന്നാൽ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി) നടത്തിയ പരിശോധനയിൽ ഇയാൾക്ക് കുരങ്ങുപനിയല്ലെന്ന് സ്ഥിരീകരിച്ചു.
നിരീക്ഷണം ശക്തമാക്കാനും കുരങ്ങുപനി ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്ന രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ ഐസൊലേറ്റ് ചെയ്ത് അവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കണം. എല്ലാ വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ആരോഗ്യ ഉദ്യോഗസ്ഥരോട് മന്ത്രാലയം ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. സാധാരണഗതിയില്‍ വാനര വസൂരിയുടെ ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. ആ സമയത്ത് രോഗലക്ഷണങ്ങളൊന്നും ഉണ്ടാകില്ല. രോഗലക്ഷണങ്ങളുടെ അഭാവം മൂലം വിമാനത്താവളത്തിലെ സ്‌ക്രീനിംഗിൽ കാണാതെ പോയവരെ കണ്ടെത്തുകയാണ് ലക്ഷ്യം.
Also Read: Monkeypox Prevention: വാനര വസൂരിയ്‌ക്കെതിരെ സംസ്ഥാനത്ത് ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്
നിലവിൽ ബ്രിട്ടൻ, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ, കാനഡ, യുഎസ് എന്നിവിടങ്ങളിൽ കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) എന്നിവയുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയം കുരങ്ങുപനി ചികിത്സയ്ക്കും പ്രതിരോധത്തിനുമായി സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നുണ്ട്.
കുരങ്ങുപനി വന്നാൽ മരണ നിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.
വൈറല്‍ രോഗമായതിനാല്‍ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്‌സിനേഷന്‍ നിലവിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...