Mumbai: തന്‍റെ ന്യൂസ് റൂമില്‍ ആയിരങ്ങളുടെ വായടപ്പിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി ജാമ്യത്തിനായി നെട്ടോട്ടം ഓടുകയാണ്... ജാമ്യം നിഷേധിച്ച മുംബൈ ഹൈക്കോടതി സെഷന്‍സ് കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചു.
ഇന്റിരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കും അമ്മയും ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് (Editor-in-Chief) അര്‍ണബ് ഗോസ്വാമിയുടെ (Arnab Goswamy) ജാമ്യാപേക്ഷയാണ് ഇന്ന് മുംബൈ ഹൈക്കോടതി (Mumbai High Court) തള്ളിയത്.
ഹൈക്കോടതി ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യം നിലവിലില്ലെന്നും ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചു. ഇതേ തുടര്‍ന്ന് സെഷന്‍സ് കോടതിയില്‍ അര്‍ണബ് ജാമ്യാപേക്ഷ നല്കി.
ആത്മഹത്യ ചെയ്ത ആര്‍ക്കിടെക്റ്റ് അന്‍വയ് നായിക്കിന്‍റെ മകളുടെ പരാതിയില്‍ വാദവും മഹാരാഷ്ട്ര പോലീസിന്‍റെ വാദവും കേട്ട ശേഷമാണ് ഇടക്കാല ജാമ്യം നല്‍കാന്‍ കഴിയില്ല എന്ന നിലപാട് മുംബൈ ഹൈക്കോടതി എടുത്തിരിക്കുന്നത്. ശനിയാഴ്ച വാദം കേട്ട ശേഷം വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
മുംബൈയിലെ വീട്ടില്‍നിന്ന് അറസ്റ്റിലായ അര്‍ണബിനെ നവംബര്‍ 18 വരെ അലിബാഗ് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരുന്നു. കോവിഡ് ക്വാറന്റൈന് കേന്ദ്രമായി മാറ്റിയ സ്കൂളിലായിരുന്നു അര്‍ണബിനെ ആദ്യം പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ ക്വാറന്റൈന് സെന്ററില്‍ കഴിയുകയായിരുന്ന അര്‍ണബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റുകയായിരുന്നു. അര്‍ണബിന് എവിടെ നിന്നാണ് ഫോണ്‍ ലഭിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
നവംബര്‍ 4നാണ് അര്‍നബ് ഗോസ്വാമിയെയും കൂട്ടുപ്രതികളായ ഫിറോസ് ഷെയ്ഖിനെയും നിതീഷ് സര്‍ദയെയും ആര്‍ക്കിടെക്റ്റ്-ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്‍റെയും അമ്മയുടെയും ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ആര്‍കിടെക്‌ട്, ഇന്‍റീരിയര്‍ ഡിസൈന്‍ കമ്പനിയുടെ എം.ഡിയായിരുന്നു അന്‍വയ് നായിക്. റിപ്പബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന അന്‍വയ് നായികിന്‍റെ കുറിപ്പ് പോലീസ് (Maharashtra Police) നേരത്തെ കണ്ടെത്തിരുന്നു.
മൂന്ന് കമ്പനികളുടെ ഉടമകള്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നത്. റിപ്പബ്ലിക് ടിവിയുടെ അര്‍ണബ് ഗോസ്വാമി, ഐകാസ്റ്റ് എക്സ് / സ്കീമീഡിയയിലെ ഫിറോസ് ഷെയ്ഖ്, സ്മാര്‍ട്ട് വര്‍ക്സിന്റെ നിതീഷ് സര്‍ദ എന്നിവരാണ് തനിക്ക് പണം നല്‍കാനുള്ള മൂന്നുപേര്‍ എന്നും അന്‍വയ് കുറിപ്പില്‍ പറഞ്ഞിരുന്നു. മൂന്ന് കമ്പനികളും കൂടി യഥാക്രമം 83 ലക്ഷം, 4 കോടി, 55 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതായും കുറിപ്പിലുണ്ടായിരുന്നു.
Also read: അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ്, മഹാരാഷ്ട്ര പോലീസിന് നന്ദി പറഞ്ഞ് നായ്ക്കിന്‍റെ കുടുംബം
അന്വേഷണത്തിനിടെ അന്‍വയുടെ കമ്പനിയായ കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കനത്ത കടത്തിലാണെന്നും കരാറുകാര്‍ക്ക് പണം തിരിച്ചടയ്ക്കാന്‍ പാടുപെടുകയാണെന്നും തെളിഞ്ഞിരുന്നു. മുംബൈയിലെ ചില കരാറുകാര്‍ അന്‍വയെ ഭീഷണിപ്പെടുത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കുറിപ്പിലെ ആരോപണം നിഷേധിച്ച ഗോസ്വാമി താന്‍ പണം നല്‍കിയെന്നാണ് വാദിച്ചിരുന്നത്.
Also read: 'വിഷയം വിശദമായി കേള്‍ക്കണം...' , അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി നാളത്തേക്ക് മാറ്റി
മരണത്തിനു പിന്നാലെ കേസെടുത്തിരുന്നെങ്കിലും അര്‍ണബിനും മറ്റുള്ളവര്‍ക്കുമെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി 2019ല്‍ റായ്ഗഢ് പോലീസ് കേസന്വേഷണം അവസാനിപ്പിച്ചു. തുടര്‍ന്ന് 2020 മെയില്‍ അന്‍വയുടെ മകള്‍ അദ്ന്യ നായിക് കേസ് വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെ സമീപിച്ചു. മെയില്‍ തന്നെ ആഭ്യന്തര വകുപ്പ് കേസ് സി.ഐ.ഡിക്ക് കൈമാറിയിരുന്നു. പുനരന്വേഷണം നടക്കവെയാണ് അര്‍ണബിന്റെ അറസ്റ്റ്.