Mumbai: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റിപ്പബ്ലിക് ടിവി (Republic TV) എഡിറ്ററുമായ (Editor-in-Chief) അര്‍ണബ് ഗോസ്വാമിയെ (Arnab Goswami) അറസ്റ്റ് ചെയ്തതിന് മുംബൈ പോലീസിന് നന്ദിയറിയിച്ച് നായ്ക്കിന്റെ കുടുംബം..
അര്‍ണബിന്റെ അറസ്റ്റില്‍ സന്തോഷമുണ്ടെന്നും മുന്‍പ് കേസ് ഒഴിവാക്കാന്‍ പോലീസിന്റെ (Maharashtra Police) ഭാഗത്തുനിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും അന്വയ് നായിക്കിന്റെ കുടുംബം പറഞ്ഞു.
അന്വയ് നായിക്കിന്റെ ഭാര്യ അക്ഷിതയും മകളുമാണ് സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
'ഞങ്ങള്‍ക്കിത് ഒരു രാഷ്ട്രീയ വിഷയമാക്കാന്‍ ആഗ്രഹമില്ല, ഞങ്ങള്‍ക്ക് രണ്ട് പേരെ നഷ്ടപ്പെട്ടു. അര്ണബിനെപ്പോലെയുള്ളവര് എത്രമാത്രം സ്വാധീനമുള്ളവരാണെന്ന് ഞങ്ങള്‍ക്ക് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു, റിപ്പബ്ലിക് ടിവി തരാനുള്ള പണം നല്‍കാത്തത് തന്റെ അച്ഛനെയും മുത്തശ്ശിയെയും ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു,' നായ്ക്കിന്റെ മകള്‍ അദ്ന്യ മാധ്യമങ്ങളോട് പറഞ്ഞു.
"ഈ ദിവസം എന്റെ ജീവിതത്തില്‍ വന്നതിന് മഹാരാഷ്ട്ര പോലീസിന് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ വളരെയധികം ക്ഷമ കാത്തുസൂക്ഷിച്ചു. എന്റെ ഭര്‍ത്താവും അമ്മായിയമ്മയും മടങ്ങിവരില്ലെങ്കിലും അവര്‍ ഇപ്പോഴും എനിക്കായി ജീവിച്ചിരിക്കുന്നു", അക്ഷിത പറഞ്ഞു.
ഇന്റീരിയര്‍ ഡിസൈനറായ അന്വയ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ കഴിഞ്ഞ ദിവസം മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ആര്‍കിടെക്ട്, ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയുടെ എം.ഡിയായിരുന്നു അന്വയ് നായിക്. റിപ്പബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന അന്വയ് നായികിന്റെ കുറിപ്പ് പോലീസ് നേരത്തെ കണ്ടെത്തിരുന്നു.
മൂന്ന് കമ്പനികളുടെ ഉടമകള്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നത്. റിപ്പബ്ലിക് ടിവിയുടെ അര്‍ണബ് ഗോസ്വാമി, ഐകാസ്റ്റ് എക്സ് / സ്കീമീഡിയയിലെ ഫിറോസ് ഷെയ്ഖ്, സ്മാര്‍ട്ട് വര്‍ക്സിന്റെ നിതീഷ് സര്‍ദ എന്നിവരാണ് തനിക്ക് പണം നല്‍കാനുള്ള മൂന്നുപേര്‍ എന്നും അന്വയ് കുറിപ്പില്‍ പറഞ്ഞിരുന്നു. മൂന്ന് കമ്പനികളും കൂടി യഥാക്രമം 83 ലക്ഷം, 4 കോടി, 55 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതായും കുറിപ്പിലുണ്ടായിരുന്നു.
അന്വേഷണത്തിനിടെ അന്‍വയുടെ കമ്പനിയായ കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കനത്ത കടത്തിലാണെന്നും കരാറുകാര്‍ക്ക് പണം തിരിച്ചടയ്ക്കാന്‍ പാടുപെടുകയാണെന്നും തെളിഞ്ഞിരുന്നു. മുംബൈയിലെ ചില കരാറുകാര്‍ അന്‍വയെ ഭീഷണിപ്പെടുത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കുറിപ്പിലെ ആരോപണം നിഷേധിച്ച ഗോസ്വാമി താന്‍ പണം നല്‍കിയെന്നാണ് വാദിച്ചിരുന്നത്.
Also read: അർണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
മരണത്തിനു പിന്നാലെ കേസെടുത്തിരുന്നെങ്കിലും അര്‍ണബിനും മറ്റുള്ളവര്‍ക്കുമെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി 2019ല്‍ റായ്ഗഢ് പോലീസ് കേസന്വേഷണം അവസാനിപ്പിച്ചു. തുടര്‍ന്ന് 2020 മെയില്‍ അന്‍വയുടെ മകള്‍ അദ്ന്യ നായിക് കേസ് വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെ സമീപിച്ചു. മെയില്‍ തന്നെ ആഭ്യന്തര വകുപ്പ് കേസ് സി.ഐ.ഡിക്ക് കൈമാറിയിരുന്നു. പുനരന്വേഷണം നടക്കവെയാണ് അര്‍ണബിന്റെ അറസ്റ്റ്.
Also read: അർണബ് ഗോസ്വാമിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത് Mumbai Police
2018ലാണ് അന്വയ് നായിക്, മാതാവ് കുമുദ് നായിക് എന്നിവര്‍ ബിസിനസ് തകര്‍ച്ച മൂലം ആത്മഹത്യ ചെയ്തത്.