അംബാല: ഫ്രാൻസിൽ നിന്നും വ്യോമസേനയ്ക്കായി എത്തുന്ന 5 റാഫേൽ വിമാനങ്ങൾ ഇന്ത്യയിലെത്തി. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങിയ വിമാനങ്ങളെ വാട്ടർ സല്യൂട്ട് നൽകിയാണ് വ്യോമസേന സ്വീകരിച്ചത്.
വ്യോമസേന മേധാവി ആർ.കെഎസ് ബദൗരിയ റാഫേൽ വിമാനങ്ങളെ സ്വീകരിക്കാനെത്തി. ഉച്ചയ്ക്ക് 1:40 ഓടെയാണ് ഇന്ത്യൻ സമുദ്ര മേഖലയിലേക്ക് റാഫേൽ വിമാനങ്ങൾ പ്രവേശിച്ചത്. ഇന്ത്യൻ ആകാശ പരിധിയിലെത്തിയ വിമാനങ്ങൾ അറബിക്കടലിൽ വിന്യസിച്ചിരുന്ന നാവികസേന കപ്പൽ ഐഎൻഎസ് കൊൽക്കത്തയുമായി വിമാനങ്ങൾ ബന്ധം സ്ഥാപിച്ചു. ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതോടെ ഇന്ത്യയുടെ രണ്ട് സുഖോയ് യുദ്ധവിമാനങ്ങൾ റാഫേൽ വിമാനങ്ങൾക്ക് ഇരുവശത്തുമായി അകമ്പടിയായി അംബാലയിലേക്ക് തിരിച്ചു.
The Touchdown of Rafale at Ambala. pic.twitter.com/e3OFQa1bZY
— Rajnath Singh (@rajnathsingh) July 29, 2020
Also read: വാർത്താ സമ്മേളനം നിർത്തി മുഖ്യമന്ത്രി കോറോണ പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തണം
ഒരേ സമയം പല കാര്യങ്ങൾ ചെയ്യാനുള്ള ശേഷിയാണ് റാഫേൽ യുദ്ധവിമാനങ്ങളെ വ്യത്യസ്തമാക്കുന്നത്. ലക്ഷ്യങ്ങൾ കണ്ടെത്തി അവയുടെ ത്രിമാന രേഖാചിത്രങ്ങൾ ഉണ്ടാക്കാനും സാധിക്കും. ആറ് എയർ ടു എയർ മിസൈൽ വഹിക്കാനുള്ള ശേഷിയുള്ളവയാണ് ഇവ.
മണിക്കൂറിൽ 1912 കിലോമീറ്റർ വേഗമുള്ള റാഫേൽ യുദ്ധവിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. ഒറ്റ പറക്കലിൽ 3700 കിലോമീറ്റർ വരെ പറക്കാൻ ശേഷിയുള്ള റഫേലിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെസ് എന്നീ ത്രിതല ഗുണങ്ങൾ ഉള്ളതാണ് റാഫേൽ. ലിബിയയിലും, സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചതും റാഫേൽ വിമാനങ്ങളെയാണ്.
Also read: പ്രത്യേക കാലാവസ്ഥയിൽ മാത്രം വരുന്ന രോഗമല്ല കോറോണ: WHO
മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാകുന്ന മധ്യദൂര ബഹുദൗത്യ പോർവിമാനമായ റാഫേലിന്റെ ആദ്യബാച്ചിനെ ചൈനീസ്–പാക് അതിർത്തിയോട് ചേർന്നാണ് വിന്യസിക്കുന്നതെന്നാണ് പ്രതിരോധ വൃത്തങ്ങൾ പുറത്ത് വിടുന്ന സൂചന.
ദാസോ എവിയേഷനിൽ നിന്ന് ഇന്ത്യ വാങ്ങുന്ന 36 റാഫേൽ വിമാനങ്ങളിൽ ആദ്യത്തെ 5 എണ്ണമാണ് അംബാലയിലെത്തിയത്. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യത്തെ സുപ്രധാന യുദ്ധവിമാനമാണ് റാഫേൽ. ഇന്ത്യ അവസാനമായി വാങ്ങിയ യുദ്ധവിമാനം സുഖോയ് 30എസ് വിമാനമാണ്. ഇവ റഷ്യയിൽ നിന്നുമാണ് വാങ്ങിയത്.