ഇന്ന് നാവിക സേനാ ദിനം

രാജ്യം ഇന്ന് 48ാമത് നാവിക സേനാ ദിനം ആഘോഷിക്കുകയാണ്. 

Last Updated : Dec 4, 2019, 01:42 PM IST
  • ഡിസംബര്‍ 4നാണ് നാവിക സേനാ ദിനമായി ആചരിക്കുന്നത്.
  • ഇന്ത്യന്‍ നേവിയുടെ ചരിത്രത്തില്‍ ഡിസംബര്‍ 4ന് വളരെയേറെ പ്രാധാന്യമുണ്ട്
  • 1971 ഡിസംബര്‍ 4നാണ് പാക്കിസ്ഥാനിലെ കറാച്ചിയിലെ നാവിക സേനാ ആസ്ഥാനം ആക്രമിച്ച് ഇന്ത്യന്‍ സേന വിജയം നേടിയത്
ഇന്ന് നാവിക സേനാ ദിനം

ന്യൂഡല്‍ഹി: രാജ്യം ഇന്ന് 48ാമത് നാവിക സേനാ ദിനം ആഘോഷിക്കുകയാണ്. 

ഈയവസരത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇന്ത്യന്‍ നാവികസേനയ്ക്ക് ആശംസകള്‍ നേര്‍ന്നു.  

ഡിസംബര്‍ 4നാണ് നാവിക സേനാ ദിനമായി ആചരിക്കുന്നത്. അതിന് കാരണവുമുണ്ട്. ഇന്ത്യന്‍ നേവിയുടെ ചരിത്രത്തില്‍ ഡിസംബര്‍ 4ന് വളരെയേറെ പ്രാധാന്യമുണ്ട് എന്നത് തന്നെ!!

1971 ഡിസംബര്‍ 4നാണ് പാക്കിസ്ഥാനിലെ കറാച്ചിയിലെ നാവിക സേനാ ആസ്ഥാനം ആക്രമിച്ച് ഇന്ത്യന്‍ സേന വിജയം നേടിയത്. 

ഓപ്പറേഷന്‍ ട്രിഡന്‍റ് എന്ന പേരിലായിരുന്നു ആക്രമണം. ഡിസംബര്‍ 4, 5 തീയതികളിലെ രാത്രിയിലാണ് ഓപ്പറേഷന്‍ നടത്തിയത്. ഈ ആക്രമണത്തില്‍ പാക് കപ്പലുകള്‍ക്ക് കനത്ത നാശനഷ്ടം ഉണ്ടാക്കിയെങ്കിലും ഇന്ത്യയ്ക്ക് കാര്യമായ നാശനഷ്ടം ഉണ്ടായില്ല. ഓപ്പറേഷന്‍റെ ഭാഗമായി ഇന്ത്യന്‍ നേവി 4 പാക്കിസ്ഥാന്‍ യുദ്ധക്കപ്പലുകള്‍ മുക്കുകയും കറാച്ചി തുറമുഖത്തെ ഇന്ധന നിലയങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് നിപത്, ഐഎന്‍എസ് നിര്‍ഘട്, ഐഎന്‍എസ് വീര്‍ എന്നീ മൂന്ന് യുദ്ധക്കപ്പലുകളാണ് ഓപ്പറേഷനില്‍ പ്രധാന വഹിച്ചത്. കറാച്ചി തുറമുഖത്തെ ആക്രമിക്കാന്‍ ഗുജറാത്തിലെ ഓഖ തുറമുഖത്തു നിന്നാണ് പുറപ്പെട്ടത്. കറാച്ചിയുടെ തെക്ക് ഭാഗത്ത് 70 മൈല്‍ അകലെയാണ് ഡിസംബര്‍ 4ന് രാത്രി നാവിക സേന എത്തിയത്. തുടര്‍ന്ന്, മിസൈലുകള്‍ വര്‍ഷിക്കുകയും പാക്കിസ്ഥാന്‍ കപ്പല്‍ പിഎന്‍എസ് ഖൈബര്‍ മുക്കുകയും ചെയ്തു.

ഈ വിജയത്തിന്‍റെ ഓര്‍മ്മയ്ക്കായാണ് ഇന്ത്യന്‍ നാവിക സേന ഡിസംബര്‍ 4 നാവികസേന ദിനമായി ആചരിക്കുന്നത്.

അയ്യായിരത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഇന്ത്യയുടെ നാവിക പാരമ്പര്യം. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ നാവികസേനയാണ് ഇന്ത്യയുടേത്. 1932 ലാണ് റോയല്‍ ഇന്ത്യന്‍ നേവി സ്ഥാപിതമായത്. തീര സംരക്ഷണം, കടലിലെ ആക്രമണങ്ങള്‍, സുരക്ഷ, ദുരന്തനിവാരണം എന്നിങ്ങനെ നിരവധി ദൗത്യങ്ങള്‍ ഇന്ത്യന്‍ നാവിക സേന വഹിക്കുന്നുണ്ട്.

ഇന്ത്യയുടെ രാഷ്‌ട്രപതി ആണ് ഇന്ത്യന്‍ നേവിയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ്. മറാത്ത ചക്രവര്‍ത്തി ഛത്രപതി ശിവാജി ബോസ്ലെയാണ് ഇന്ത്യന്‍ നാവിക സേനയുടെ പിതാവായി കണക്കാക്കപ്പെടുന്നത്.

സമുദ്രാതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിനും സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെ മറ്റു രാജ്യങ്ങളുമായി ബന്ധം നിലനിര്‍ത്താനും മാനുഷിക ദൗത്യങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പ്രാവര്‍ത്തികമാക്കാനും വേണ്ടിയാണ് ഓരോ വര്‍ഷവും നാവിക ദിനം രാജ്യത്ത് ആചരിക്കുന്നത്.

Trending News