രാജ്യത്ത് Drone ഉപയോ​ഗത്തിന് പുതിയ മാർ​ഗരേഖ; ചട്ടങ്ങളുടെ കരട് പുറത്തിറക്കി കേന്ദ്ര സർക്കാർ

പൊതുജനങ്ങൾക്ക് അടുത്ത മാസം അഞ്ചാം തിയതി വരെ അഭിപ്രായങ്ങൾ അറിയിക്കാം

Written by - Zee Malayalam News Desk | Last Updated : Jul 15, 2021, 04:56 PM IST
  • തീരെ ചെറിയ ഡ്രോണുകൾക്കും ​ഗവേഷണ ആവശ്യത്തിനുള്ള ഡ്രോണുകൾക്കും ലൈസൻസ് ആവശ്യമില്ല
  • രണ്ട് കിലോ​ഗ്രാമിന് മുകളിൽ ഭാരമുള്ള ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നിർബന്ധമാണ്
  • 10 വർഷമായിരിക്കും ലൈസൻസ് കാലാവധി
  • 18 വയസ് കഴിഞ്ഞവർക്കാണ് ലൈസൻസ് നൽകുക
രാജ്യത്ത് Drone ഉപയോ​ഗത്തിന് പുതിയ മാർ​ഗരേഖ; ചട്ടങ്ങളുടെ കരട് പുറത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ഡ്രോൺ ഭീഷണി ആവർത്തിക്കുന്ന സാഹചര്യത്തിൽ‍ ചട്ടങ്ങളുടെ കരട് പുറത്തിറക്കി കേന്ദ്ര സർക്കാർ. സ്വകാര്യ വാണിജ്യ ഉപയോ​ഗം സംബന്ധിച്ച് പ്രതിപാദിക്കുന്ന കരടിൽ ഇവയുടെ ലൈസൻസ്, ഉപയോ​ഗത്തിന് അനുമതിയുള്ള പ്രദേശങ്ങൾ, വിദേശ കമ്പനികൾ പാലിക്കേണ്ട നിയമങ്ങൾ എന്നിവ അടക്കം വ്യക്തമാക്കിയിട്ടുണ്ട്.

ജമ്മു കശ്മീരിൽ അടക്കം തുടർച്ചയായി ഡ്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ആഭ്യന്തര ഡ്രോൺ ഉപയോ​ഗത്തിന് പുതിയ ചട്ടങ്ങൾ ഏർപ്പെടുത്തിയത്. നേരത്തെയുള്ള ചട്ടങ്ങളിൽ നിന്ന് വാണിജ്യ ആവശ്യങ്ങൾ കണക്കിലെടുത്ത് ഇളവുകൾ നൽകുമ്പോഴും സുരക്ഷ ഉറപ്പാക്കിയാണ് പുതിയ കരട് പുറത്തിറക്കിയിരിക്കുന്നത്.

പൊതുജനങ്ങൾക്ക് അടുത്ത മാസം അഞ്ചാം തിയതി വരെ അഭിപ്രായങ്ങൾ അറിയിക്കാം. തീരെ ചെറിയ ഡ്രോണുകൾക്കും ​ഗവേഷണ ആവശ്യത്തിനുള്ള ഡ്രോണുകൾക്കും ലൈസൻസ് ആവശ്യമില്ല. രണ്ട് കിലോ​ഗ്രാമിന് മുകളിൽ ഭാരമുള്ള ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നിർബന്ധമാണ്.10 വർഷമായിരിക്കും ലൈസൻസ് കാലാവധി. 18 വയസ് കഴിഞ്ഞവർക്കാണ് ലൈസൻസ് നൽകുക.

ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ഉപയോ​ഗിച്ച് ഭീകരാക്രമണം നടന്നതിന് പിന്നാലെ ഡ്രോണുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ജമ്മു വിമാനത്താവളത്തിലെ ആക്രമണത്തിന് ശേഷവും നിരവധി തവണ ഡ്രോണുകൾ കണ്ടിരുന്നു. സൈന്യം ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. അതിർത്തി പ്രദേശങ്ങളിൽ സൈന്യം നടത്തിയ തിരച്ചിലിലും ഡ്രോണുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.

കരട് ഡ്രോൺ ചട്ടങ്ങൾ  2021 ലെ പ്രധാന നിർദ്ദേശങ്ങൾ:

1. അംഗീകാരങ്ങൾ നിർത്തലാക്കി
2. ഫോമുകളുടെ എണ്ണം 25 ൽ നിന്ന് 6 ആക്കി.
3. ഫീസ് നാമമാത്ര നിലവാരത്തിലേക്ക് കുറച്ചു.
4. ഭാവിയിൽ നടപ്പാക്കേണ്ട സുരക്ഷാ സവിശേഷതകൾ. ഇവ പാലിക്കുന്നതിന് ആറുമാസത്തെ മുൻ‌കൂർ സമയം നൽകും.
5. ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോം ഒരു ബിസിനസ് സൗഹൃദ, ഏകജാലക  ഓൺലൈൻ സംവിധാനമായി  വികസിപ്പിക്കും.
6. ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ, മനുഷ്യ ഇടപെടലുകൾ വളരെ പരിമിതമായിരിക്കും;  മിക്ക അനുമതികളും സ്വയം സൃഷ്ടിക്കാനാവും.
7. പച്ച, മഞ്ഞ, ചുവപ്പ് മേഖലകളുള്ള സംവേദനാത്മക വ്യോമാതിർത്തി ഭൂപടം, ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കും.
8. മഞ്ഞ മേഖല എയർപോർട്ട് പരിധിക്കുള്ളിലെ  45 കിലോമീറ്ററിൽ നിന്ന് 12 കിലോമീറ്ററായി കുറഞ്ഞു.
9. പച്ച മേഖലയിൽ 400 അടി വരെയും, എയർപോർട്ട് പരിധിക്കുള്ളിൽ നിന്ന് 8 മുതൽ 12 കിലോമീറ്റർ വരെ പ്രദേശത്ത് 200 അടി വരെയും, ഫ്ലൈറ്റ് അനുമതി ആവശ്യമില്ല.
10. മൈക്രോ ഡ്രോണുകൾക്കും (വാണിജ്യേതര ഉപയോഗത്തിന്), നാനോ ഡ്രോൺ, ഗവേഷണ-വികസന സ്ഥാപനങ്ങൾക്കും പൈലറ്റ് ലൈസൻസ് ആവശ്യമില്ല.
11. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഡ്രോൺ പ്രവർത്തനത്തിന് നിയന്ത്രണമില്ല.
12. ഡ്രോണുകളുടെയും, ഡ്രോൺ ഘടകങ്ങളുടെയും ഇറക്കുമതി  ഡി ജി എഫ് ടി നിയന്ത്രിക്കും 
13. ഏതെങ്കിലും രജിസ്ട്രേഷനോ അല്ലെങ്കിൽ ലൈസൻസ് നൽകുന്നതിന് മുൻപായോ സുരക്ഷാ അനുമതി ആവശ്യമില്ല.
14. ഗവേഷണ-വികസന സ്ഥാപനങ്ങൾക്ക്,വായു സഞ്ചാര യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ നമ്പർ, മുൻകൂർ അനുമതി, വിദൂര പൈലറ്റ് ലൈസൻസ് എന്നിവ ആവശ്യമില്ല.
15. 2021 ലെ ഡ്രോൺ നിയമപ്രകാരം ഡ്രോൺ ഭാര പരിധി 300 കിലോ ഗ്രാമിൽ നിന്ന് 500 കിലോഗ്രാം ആയി വർധിപ്പിച്ചു. ഇതിൽ ഡ്രോൺ ടാക്സികളും ഉൾക്കൊള്ളുന്നു.
16. എല്ലാ ഡ്രോൺ പരിശീലനവും പരിശോധനയും ഒരു അംഗീകൃത ഡ്രോൺ സ്കൂളാണ് നടത്തേണ്ടത്. ഡി‌ജി‌സി‌എ, ആവശ്യമായ പരിശീലന മാർഗ്ഗനിർദ്ദേശം നൽകുകയും, ഡ്രോൺ സ്കൂളുകളുടെ മേൽനോട്ടം വഹിക്കുകയും, ഓൺലൈനിൽ പൈലറ്റ് ലൈസൻസുകൾ നൽകുകയും ചെയ്യും.
17. വായു സഞ്ചാര യോഗ്യത സർട്ടിഫിക്കറ്റ് വിതരണ ചുമതല, ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും, ഈ  സ്ഥാപനം അധികാരപ്പെടുത്തിയ മറ്റു  സ്ഥാപനങ്ങൾക്കും നൽകിയിരിക്കുന്നു 
18. സ്വയം സർട്ടിഫിക്കേഷൻ മാർഗത്തിലൂടെ, നിർമ്മാതാവിന് അവരുടെ ഡ്രോണിന്റെ തനതായ തിരിച്ചറിയൽ നമ്പർ (unique identification number) ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ സൃഷ്ടിക്കാൻ കഴിയും. 
19. ഡ്രോണുകൾ കൈമാറുന്നതിനും ഡീ രജിസ്റ്റർ ചെയ്യുന്നതിനും ഉള്ള  പ്രക്രിയ ലളിതമാക്കിയിരിക്കുന്നു.
20. ഉപയോക്താക്കൾക്ക് സ്വയം നിരീക്ഷിക്കുന്നതിനായി, ഡിജി‌സി‌എ, ഡിജിറ്റൽ സ്കൈ പ്ലാറ്റ്‌ഫോമിൽ, പ്രവർത്തന ചട്ടങ്ങളും പരിശീലന നടപടിക്രമ മാർഗ്ഗനിർദ്ദേശങ്ങളും വിശദമാക്കും.
21. 2021, ഡ്രോൺ ചട്ട പ്രകാരം പരമാവധി പിഴ, 1 ലക്ഷം രൂപയായി കുറച്ചു. എന്നിരുന്നാലും, മറ്റ് നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട പിഴകൾക്ക് ഇത് ബാധകമല്ല.
22. ചരക്ക് വിതരണത്തിനായി ഡ്രോൺ ഇടനാഴികൾ വികസിപ്പിക്കും.
23.  ഡ്രോൺ നിയന്ത്രണ നടപടികൾ ബിസിനസ് സൗഹൃദമാക്കുന്നതിന്, ഡ്രോൺ പ്രൊമോഷൻ കൗൺസിൽ രൂപീകരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News