പുല്‍വാമ ഭീകരാക്രമണം: രണ്ടുപേരെകൂടി എന്‍ഐഎ അറസ്റ്റു ചെയ്തു

ശ്രീനഗര്‍ സ്വദേശിയായ വൈസ് ഉല്‍ ഇസ്‌ലാമിനേയും ഹാകിര്‍പോര സ്വദേശി മൊഹമ്മദ്‌ അബ്ബാസ്‌ റാതെറിനേയുമാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്.  

Last Updated : Mar 7, 2020, 06:03 AM IST
  • ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ രാസവസ്തുക്കള്‍, ബാറ്ററികള്‍ തുടങ്ങിയവ വാങ്ങാന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റായ ആമാസോണിലെ അക്കൗണ്ട്‌ ഉപയോഗിച്ചതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ വൈസ് വെളിപ്പെടുത്തിയതായി എന്‍ഐഎ അറിയിച്ചു.
പുല്‍വാമ ഭീകരാക്രമണം: രണ്ടുപേരെകൂടി എന്‍ഐഎ അറസ്റ്റു ചെയ്തു

ശ്രീനഗര്‍:  പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി അറസ്റ്റില്‍.  ഇവരെ ദേശീയ അന്വേഷണ ഏജന്‍സിയാണ് (NIA) അറസ്റ്റു ചെയ്തത്. 

ശ്രീനഗര്‍ സ്വദേശിയായ വൈസ് ഉല്‍ ഇസ്‌ലാമിനേയും ഹാകിര്‍പോര സ്വദേശി മൊഹമ്മദ്‌ അബ്ബാസ്‌ റാതെറിനേയുമാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്. 

ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ രാസവസ്തുക്കള്‍, ബാറ്ററികള്‍ തുടങ്ങിയവ വാങ്ങാന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റായ ആമാസോണിലെ അക്കൗണ്ട്‌ ഉപയോഗിച്ചതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ വൈസ് വെളിപ്പെടുത്തിയതായി എന്‍ഐഎ അറിയിച്ചു.

ജെയ്ഷെ മുഹമ്മദ്‌ ഭീകരരുടെ നിര്‍ദ്ദേശാനുസരണമാണ് ഇത് ചെയ്തതെന്നും വൈസ് അന്വേഷണ സംഘത്തോട് പറഞ്ഞു. കൂടാതെ ഈ വസ്തുക്കള്‍ താന്‍ നേരിട്ടാണ് ഭീകരര്‍ക്ക്‌ കൈമാറിയതെന്നും വൈസ് അറിയിച്ചിട്ടുണ്ട്.

ജെയ്ഷെയുടെ പഴയ ഓവര്‍ ഗ്രൗണ്ട് വര്‍ക്കറായിരുന്നു അറസ്റ്റിലായ രണ്ടാമത്തെയാളായ മൊഹമ്മദ്‌ അബ്ബാസ്‌. 

2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയത്. അന്ന് വീരമൃത്യു വരിച്ചത് ഒന്നും രണ്ടുമല്ല 40 ജവാന്മാരാണ്. 

Also read: പുല്‍വാമ ഭീകരക്രമണത്തിന് ഇന്ന് ഒരു വയസ്സ്

2547 ജവാന്മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്ന വാഹന വ്യൂഹത്തിന് നേരെ 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ചാവേര്‍ ഓടിച്ചു കയറ്റുകയായിരുന്നു. 

സ്ഫോടനത്തില്‍ തിരിച്ചറിയാനാകാത്ത വിധം വാഹനം തകര്‍ന്ന്‍ തരിപ്പണമായി. ജെയ്‌ഷെ മുഹമ്മദ് ചാവേറായ ആദില്‍ അഹമ്മദ് ദര്‍ ആണ് ആക്രമണം നടത്തിയത്.

Trending News