പുല്‍വാമ ഭീകരക്രമണത്തിന് ഇന്ന് ഒരു വയസ്സ്

2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയത്.

Last Updated : Feb 14, 2020, 09:27 AM IST
  • ഇവര്‍ക്കായി നിര്‍മ്മിച്ച സ്മാരകത്തിന്‍റെ ഉദ്ഘാടനം ഇന്ന് പുല്‍വാമയിലെ ലെത്പോറ ക്യാമ്പില്‍ നടത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
പുല്‍വാമ ഭീകരക്രമണത്തിന് ഇന്ന് ഒരു വയസ്സ്

ശ്രീനഗര്‍: രാജ്യം ഞെട്ടലോടെ ഓര്‍മ്മിക്കുന്ന പുല്‍വാമ ആക്രമണത്തിന് ഇന്ന് ഒരു വയസ്. 

2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയത്. അന്ന് വീരമൃത്യു വരിച്ചത് ഒന്നും രണ്ടുമല്ല 40 ജവാന്മാരാണ്. 

അതുകൊണ്ടുതന്നെ മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച നാല്‍പ്പത് ജവാന്മാരുടെ ത്യാഗത്തിന്‍റെ ദിനമാണിന്ന് എന്നും പറയാം. ഇവര്‍ക്കായി നിര്‍മ്മിച്ച സ്മാരകത്തിന്‍റെ ഉദ്ഘാടനം ഇന്ന് പുല്‍വാമയിലെ ലെത്പോറ ക്യാമ്പില്‍ നടത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

 

ഭീകരാക്രമണം നടന്നത് പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയ്ക്ക് സമീപമായിരുന്നു.

2547 ജവാന്മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്ന വാഹന വ്യൂഹത്തിന് നേരെ 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ചാവേര്‍ ഓടിച്ചു കയറ്റുകയായിരുന്നു. 

സ്ഫോടനത്തില്‍ തിരിച്ചറിയാനാകാത്ത വിധം വാഹനം തകര്‍ന്ന്‍ തരിപ്പണമായി. ജെയ്‌ഷെ മുഹമ്മദ് ചാവേറായ ആദില്‍ അഹമ്മദ് ദര്‍ ആണ് ആക്രമണം നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. 

ഭീകരാക്രമണത്തില്‍ മരണമടഞ്ഞ വയനാട് ലക്കിടി സ്വദേശിയായ വിവി വസന്തകുമാര്‍ ഉള്‍പ്പെടെയുള്ള ധീരസൈനികരുടെ വീരമൃത്യു ഇന്നും ഒരു വിങ്ങലോടെ മാത്രമേ ഓരോ ഭാരതീയനും ഓര്‍മ്മിക്കാന്‍ കഴിയൂ.

തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാന് നല്‍കിയ മറുപടിയാണ്‌ ബാലാക്കോട്ട് ആക്രമണം. ഇന്ത്യയോട് കളിച്ചാല്‍ കളി പഠിപ്പിക്കുമെന്ന വ്യക്തമാക്കികൊടുക്കാന്‍ ഇതില്‍ നിന്നും ഇന്ത്യയ്ക്ക് കഴിഞ്ഞു.

പാക്കിസ്ഥാന്‍റെ നിരവധി ക്യാമ്പുകളാണ് ഇന്ത്യ തകര്‍ത്തെറിഞ്ഞത്. അവരുടെ ഭീകര നേതാക്കളടക്കം നിരവധി ഭീകരന്മാര്‍ ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. 

പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ ഓരോ സൈനികര്‍ക്കും രാജ്യം ഇന്ന് പ്രണാമം അര്‍പ്പിക്കും.

പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തിനായി ജീവന്‍വെടിഞ്ഞ ധീര സൈനികര്‍ ആദരാജ്ഞലി അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

 

 

മാതൃരാജ്യത്തിന്‍റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവന്‍ ത്യാഗം ചെയ്ത നമ്മുടെ ധീരരായ സൈനികരോടും അവരുടെ കുടുംബങ്ങളോടും ഇന്ത്യ എന്നന്നേക്കും നന്ദിയുള്ളവരായിരിക്കുമെന്നാണ് അമിത്ഷാ കുറിച്ചത്.

Trending News