ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആരോപണവിധേയരായ നീരവ് മോദിയുടേയും മെഹുൽ ചോക്സിയുടെയും പാസ്പോർട്ട് വിദേശകാര്യ വകുപ്പ് മരവിപ്പിച്ചു.
4 ആഴ്ചത്തേയ്ക്കാണ് പാസ്പോര്‍ട്ട് മരവിപ്പിച്ചിരിയ്ക്കുന്നത്. അതിനു മുന്‍പ് തന്നെ ഇന്റർപോള്‍ നീരവ് മോദിയ്ക്കെതിരെ നോട്ടീസ് അയച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുപേരും മറുപടി നല്‍കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി നല്‍കിയില്ലെങ്കില്‍ പാസ്പോര്‍ട്ട് റദ്ദാക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിയ്ക്കുന്നത്. തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരന്‍ നീരവ് മോദിയും കുടുംബവും ഇന്ത്യയില്‍ നിന്ന് മുങ്ങി ന്യൂയോര്‍ക്കിലുണ്ടെന്ന് സൂചന.
നീരവ് മോദിയും സഹോദരന്‍ നിശാലും ജനുവരി ഒന്നിനാണ് രാജ്യം വിട്ടത്. എന്നാല്‍ നീരവിന്‍റെ ഭാര്യ അമി കുട്ടികള്‍ക്കൊപ്പം ജനുവരി ആറിനും അമ്മാവന്‍ മെഹുല്‍ ചോക്‌സി അതിനുശേഷവുമാണ് ഇന്ത്യയില്‍നിന്ന് കടന്നത്.
കുടുംബത്തില്‍ നീരവ് മോദിക്കു മാത്രമേ ഇന്ത്യന്‍ പൗരത്വമുള്ളൂ. നിശാല്‍ ബല്‍ജിയം പൗരനാണ്. നീരവിന്‍റെ ഭാര്യ ആമിയും അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുള്‍ ചോക്‌സിയും യുഎസ് പൗരത്വമുള്ളവരാണ്.
ഇവര്‍ ഒരുമിച്ചു പോകാതെ വെവ്വേറെ ദിവസങ്ങളില്‍ വ്യത്യസ്ത വിമാനങ്ങളില്‍ രാജ്യം വിട്ടതു സംശയത്തിന് ഇട നല്‍കാതിരിക്കാനാണെന്നും വിലയിരുത്തലുണ്ട്.