പിഎന്‍ബി തട്ടിപ്പ്: ഗീതാഞ്ജലി ജെംസിന്‍റെ വൈസ് പ്രസിഡന്റ്‌ വിപുല്‍ ചൈതാലിയ സിബിഐ കസ്റ്റഡിയില്‍

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം വേഗത്തിലാക്കി സിബിഐ. 

Last Updated : Mar 6, 2018, 12:48 PM IST
 പിഎന്‍ബി തട്ടിപ്പ്: ഗീതാഞ്ജലി ജെംസിന്‍റെ വൈസ് പ്രസിഡന്റ്‌ വിപുല്‍ ചൈതാലിയ സിബിഐ   കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം വേഗത്തിലാക്കി സിബിഐ. 

ഇതുമായി ബന്ധപ്പെട്ട് ഗീതാഞ്ജലി ഗ്രൂപ്പിന്‍റെ വൈസ് പ്രസിഡന്റ്‌ വിപുല്‍ ചൈതാലിയയെ സിബിഐ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തു. മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ സിബിഐ പിടികൂടിയത്. തത്കാലം ചോദ്യം ചെയ്യലിനായാണ്‌ കസ്റ്റഡിയില്‍ എടുത്തതെങ്കിലും അറെസ്റ്റ്‌ ചെയ്യുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 

അതുകൂടാതെ ഇന്നലെ സിബിഐ ബാങ്കിന്‍റെ ട്രഷറി ജനറല്‍ മാനേജരേയും ചോദ്യം ചെയ്തിരുന്നു.  

അതേസമയം, നീരവ് മോദിക്കെതിരെ 2015ല്‍ത്തന്നെ അന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതു സംബന്ധിച്ച് ഇന്ത്യയിലെ എല്ലാ സാമ്പത്തിക വിഭാഗങ്ങള്‍ക്കും സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം (എഫ്.ഐ.യു) റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡി.എന്‍.എയുടേതാണ് റിപ്പോര്‍ട്ട്.

ആക്‌സിസ് ബാങ്കിന്‍റെ എസ്.ടി.ആര്‍ (സംശയകരമായ സാമ്പത്തിക ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ട്) അടിസ്ഥാനപ്പെടുത്തിയാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നീരവ് മോദിക്ക് വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട് ആക്‌സിസ് ബാങ്ക് തിരിച്ചറിഞ്ഞ സംശയകരമായ 500ല്‍ അധികം ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് 2014 മെയ് മാസത്തില്‍ എഫ്.ഐ.യുവിന് നല്‍കിയത്. നീരവ് മോദിയുടെ സ്ഥാപനങ്ങളായ സ്റ്റേല്ലര്‍ ഡയമണ്‍ഡ്, സോളാര്‍ എക്‌സ്‌പോര്‍ട്‌സ് എന്നിവയ്ക്ക് ഈ സാമ്പത്തിക ഇടപാടുകളുമായി ബന്ധമുള്ളതായി അന്വേഷണത്തില്‍ വ്യക്തമായി.

ഒരേ ഉടമസ്ഥരുടെ പേരിലാണ് രണ്ടു കമ്പനികളും ബാങ്ക് അക്കൗണ്ട് തുറന്നിരുന്നത്. ഇരു കമ്പനികളും നടത്തിയ ഇടപാടുകള്‍ സാധാരണ സാമ്പത്തിക വ്യവഹാരങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ആക്‌സിസ് ബാങ്കിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

 

 

Trending News