സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചു; ഗര്‍ഭിണിക്ക് എച്ച്ഐവി

സംഭവം വിവാദമായതോടെ ആശുപത്രിയിലെ മൂന്ന് ലാബ് ജീവനക്കാരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.   

Last Updated : Dec 26, 2018, 12:23 PM IST
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചു; ഗര്‍ഭിണിക്ക് എച്ച്ഐവി

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിയായ യുവതിക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിലെ വിരുതുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച 24 വയസ്സുകാരിക്കാണ് ജീവനക്കാരുടെ അശ്രദ്ധ കാരണം എച്ച്.ഐ.വി. ബാധയേറ്റത്. 

സംഭവം വിവാദമായതോടെ ആശുപത്രിയിലെ മൂന്ന് ലാബ് ജീവനക്കാരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡിസംബര്‍ മൂന്നിനാണ് യുവതി സര്‍ക്കാര്‍ ആശുപത്രിയിലെ രക്തബാങ്കില്‍നിന്ന് രക്തം സ്വീകരിച്ചത്. രണ്ടുവര്‍ഷം മുന്‍പ് എച്ച്.ഐ.വി. പോസിറ്റീവാണെന്ന് കണ്ടെത്തിയ യുവാവില്‍നിന്നെടുത്ത രക്തമാണ് യുവതിക്ക് നല്‍കിയത്. 

എച്ച്.ഐ.വി. പോസിറ്റീവായ യുവാവ് കഴിഞ്ഞമാസവും രക്തബാങ്കിലേക്ക് രക്തം നല്‍കിയിരുന്നു. എച്ച്.ഐ.വി പോസിറ്റീവാണെന്ന കാര്യം മറച്ചുവെച്ചായിരുന്നു യുവാവ് രക്തം നല്‍കിയത്. ഇതിനിടെ ഇതേരക്തം ഗര്‍ഭിണിയായ യുവതിക്ക് നല്‍കുകയും ചെയ്തു. ഇതിനുശേഷമാണ് യുവാവ് എച്ച്.ഐ.വി പോസിറ്റീവാണെന്ന കാര്യം ജീവനക്കാര്‍ കണ്ടെത്തിയത്. പക്ഷേ, അപ്പോഴേക്കും യുവതിക്ക് എച്ച്.ഐ.വി ബാധയേറ്റിരുന്നു.  

കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ എച്ച്.ഐ.വി സ്ഥിരീകരിച്ചതോടെ യുവതിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭിണിയായതിനാല്‍ യുവതിയുടെ ഗര്‍ഭസ്ഥശിശുവിലേക്കും എച്ച്.ഐ.വി പകര്‍ന്നിരിക്കാമെന്നാണ് ഡോക്ടര്‍മാരുടെ സംശയം. എന്നാല്‍ കുഞ്ഞ് ജനിച്ചതിനുശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.  

അതേസമയം, രണ്ട് തവണയാണ് ജീവനക്കാര്‍ ഗുരുതര വീഴ്ച വരുത്തിയതെന്ന് തമിഴ്‌നാട് ആരോഗ്യവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആര്‍. മനോഹരന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുവാവില്‍നിന്ന് രക്തം സ്വീകരിക്കുമ്പോള്‍ എച്ച്.ഐ.വി പരിശോധന നടത്താതിരുന്നത് ഗുരുതര വീഴ്ചയാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

എച്ച്.ഐ.വി പോസിറ്റീവായ യുവാവിന്‌ ചികിത്സ ഉറപ്പുവരുത്തുമെന്നും എച്ച്.ഐ.വി ബാധയേറ്റ യുവതിക്കും ഭര്‍ത്താവിനും സര്‍ക്കാര്‍ ജോലിയും സാമ്പത്തിക സഹായവും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Trending News