ന്യൂഡൽഹി∙ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ശേഷം തന്റെ അടുത്ത ഉന്നം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പുറത്താക്കലാണെന്ന് ബി.ജെ.പിയുടെ രാജ്യസഭാംഗം സുബ്രഹ്മണ്യം സ്വാമി. കേജ്രിവാളിന്റെ ജീവിതം മുഴുവനും തട്ടിപ്പാണ്. എന്‍ഡിഎംസി ഉദ്യോഗസ്ഥന് എം.എം. ഖാന്റെ കൊലപാതകത്തില്‍ ബിജെപി എംപി മഹേഷ് ഗിരിക്ക് പങ്കുണ്ടെന്ന കേജ്രിവാളിന്റെ ആരോപണത്തിനെതിരെ അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംസാരിക്കവെയാണ് സുബ്രഹ്മണ്യം സ്വാമിയുടെ പരാമര്‍ശം. ഇപ്പോഴും സുബ്രഹ്മണ്യം സ്വാമിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടക്കുകയാണ്.
ഇത്രയും കാലം താന്‍ രഘുറാം രാജന് പിറകെയായിരുന്നു അദ്ദേഹം പുറത്തു പോയെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. റിസർവ് ബാങ്ക് ഗവർണറായ രഘുറാം രാജനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സുബ്രഹ്മണ്യൻ സ്വാമി ഉന്നയിച്ചിരുന്നത്. അദ്ദേഹത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും രാജിവെച്ചു. കൂടാതെ രണ്ടാംവട്ടം ഗവര്‍ണറാകാന്‍ ഇല്ലെന്നും രഘുറാം രാജന് വ്യക്തമാക്കിയിരുന്നു.
കെജ്രിവാള് ജീവിതത്തില്‍ ഒരുപാട് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടന്നും പ്രകടനത്തില്‍ സംസാരിക്കവെ സ്വാമി ആരോപിച്ചു. താന്‍ ഐഐടിയില്‍ പഠിച്ചെന്ന് അഭിമാനത്തോടെ പലപ്പോഴും കെജ്രിവാള് പറഞ്ഞിട്ടുണ്ട്. എന്നാല്‍ എങ്ങനെയാണ് അദേഹത്തിന് ഐഐടിയില്‍ അഡ്മിഷന് ലഭിച്ചതെന്ന് എനിക്കറിയാം. അതിനെപറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. എംപി മഹേഷ് ഗിരിക്കെതിരായുള്ള പ്രസ്താവന പിന്‍വലിച്ച് കെജ്രിവാള് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫീസര്‍ എം.എം ഖാന്റെ കൊലപാതകത്തില്‍ ബിജെപി എംപി മഹേഷ് ഗിരിക്ക് പങ്കുണ്ടെന്ന് കെജ്രിവാള് ആരോപിച്ചതിനെ തുടര്‍ന്നാണ് നിരാഹാര സമരമുണ്ടായത്.എംപിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് അരവിന്ദ് കെജ്രിവാള് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.