ന്യൂഡല്‍ഹി: അയോധ്യ കേസ് വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്.
അയോധ്യ കേസ് പരിഗണിക്കുന്നത് ഈ മാസം 29ല്‍ നിന്ന് മാറ്റിയ സുപ്രീംകോടതി നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ, അയോധ്യ കേസ് ഇനിയും വൈകിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
70 വര്‍ഷമായി തുടരുന്ന കേസ് ഇനിയും അനന്തമായി നീണ്ടുപോകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. കേസില്‍ വേഗം വിധിയുണ്ടാകണമെന്നും കേന്ദ്രനിയമമന്ത്രി പറഞ്ഞു.
ഈമാസം 29ന് അയോധ്യകേസ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് പരിഗണിക്കാനിരുന്നതാണ്. എന്നാല്‍ ഭരണഘടന ബെഞ്ചിലെ ഒരു ജഡ്ജിയുടെ അസൗകര്യത്തെ തുടര്‍ന്ന് കേസ് വീണ്ടും മാറ്റിവെച്ചു. ഇതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അതൃപ്തിയാണ് രവിശങ്കര്‍ പ്രസാദ് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയത്.
അയോധ്യ തര്‍ക്കത്തില്‍ ഭരണഘടനപരമായ തീര്‍പ്പാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദും അയോധ്യയിലെ രാമക്ഷേത്ര വിഷയം ഉയര്‍ത്തി രംഗത്തെത്തിയത്.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നത് ബിജെപിയുടെ 2014ലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ മുഖ്യ അവകാശവാദമായിരുന്നു. 2019ലും ഇതേ വിഷയം ഉന്നയിച്ചു വോട്ട് നേടാന്‍ സാധിക്കില്ല എന്ന് ബിജെപിയ്ക്കറിയാം. ക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് ആര്‍എസ്എസ്, വിഎച്ച്‌പി സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. ഈയവസരത്തിലാണ് അയോധ്യ വിഷയത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് വീഴ്ച്ചയില്ലെന്നും കേസ് കോടതിയുടെ പരിഗണനയിലാണെന്നും ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കാര്യത്തില്‍ നേതാക്കള്‍ നെട്ടോട്ട൦ ഓടുന്നത്.