വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ചൂടിനെ ചെറുക്കാനും ചൂടില്‍ നിന്ന് രക്ഷ നേടാനും ഉപാധികള്‍ തേടി അലയുകയാണ് ജനങ്ങള്‍. മരത്തണലും കൂളറും എസിയുമൊക്കെ അതിനായി അവര്‍ കണ്ടെത്തിയ താത്കാലിക മാര്‍ഗങ്ങളാണ്.
എന്നാല്‍, വളരെ വ്യത്യസ്തമായ രീതിയില്‍ ചിന്തിച്ചിരിക്കുകയാണ് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഒരു കാറുടമ. വെയിലേറ്റ് തന്‍റെ കാറിന് കേടുപാടുകള്‍ വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെയാണ് കാറുടമ വ്യത്യസ്തമായ വഴി തിരഞ്ഞെടുത്തത്.
ചൂടിനെ പ്രതിരോധിക്കാന്‍ സ്വന്തം കാറിന്‍റെ മുകള്‍ഭാഗം മുഴുവന്‍ ചാണകം കൊണ്ട് പൊതിഞ്ഞിരിക്കുകയാണ് ഉടമ. രുപേഷ് ഗൗരംഗ ദാസ് എന്ന ഫേസ്‍ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രം ഉള്‍പ്പടെയുള്ള വാര്‍ത്ത പുറം ലോകമറിയുന്നത്.
സേജല്‍ എന്നയാളാണ് കാര്‍ മുഴുവന്‍ ചാണകം മെഴുകിയാതെന്നാണ് രുപേഷ് പോസ്റ്റില്‍ പറയുന്നത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ടൊയോട്ട കൊറോള കാറാണ് ചിത്രത്തിലുള്ളതെങ്കിലും കാറില്‍ പുരട്ടിയിരിക്കുന്നത് ചാണകമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
രൂപേഷിന്‍റെ ഈ പോസ്റ്റിനു നിരവധി ലൈക്കുകളും, കമന്‍റുകളും ഷെയറുകളുമാണ് ലഭിക്കുന്നത്. ഏത്ര ലെയര്‍ ചാണകം പൂശുമ്പോഴാണ് തണുപ്പ് ലഭിക്കുന്നതെന്നും ചാണകത്തിന്‍റെ മണം ഉടമ എങ്ങനെ സഹിക്കുമെന്നുമൊക്കെ പലരും ചോദിക്കുന്നുണ്ട്.
എന്നാല്‍, തനിക്ക് ലഭിച്ച ഒരു ഫോര്‍വേഡ് മെസ്സേജ് പോസ്റ്റ് ചെയ്തതാണെന്നും കാറുടമ ആരാണെന്ന് തനിക്കറിയില്ലെന്നും രൂപേഷ് പിന്നീട് വ്യക്തമാക്കി.
ആലപ്പുഴയില്‍, ഓട്ടോറിക്ഷയുടെ മേല്‍ മെടഞ്ഞ ഓല കൊണ്ട് പൊതിഞ്ഞ് അതില്‍ വെള്ളം നനച്ച് എയര്‍കണ്ടീഷണര്‍ ഒരുക്കിയ സംഭവം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.