കശ്മീരില്‍ നിരോധനാജ്ഞ; നേതാക്കള്‍ വീട്ടു തടങ്കലില്‍

മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.   

Last Updated : Aug 5, 2019, 07:58 AM IST
കശ്മീരില്‍ നിരോധനാജ്ഞ; നേതാക്കള്‍ വീട്ടു തടങ്കലില്‍

ശ്രീനഗര്‍: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന്‍ കശ്മീരില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ നിരോധനാജ്ഞയും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 10 ദിവസം മുന്നേ വേനലവധി കൊടുത്തു.

മാത്രമല്ല മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ഒമര്‍ അബ്ദുള്ളയെയും, മെഹബൂബ മുഫ്തിയെയും, സജ്ജാദ് ലോണ്‍ തുടങ്ങിയ ജമ്മുകശ്മീരിലെ നേതാക്കളെ വീട്ടുതടങ്കലിലാക്കി. 

എന്തിനാണ് ഇവരെ വീട്ടുതടങ്കലിലാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. സിപിഎം നേതാവും എംഎല്‍എയുമായ മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയടക്കമുള്ളവരും വീട്ടുതടങ്കലിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തെ എല്ലാ സ്കൂളുകളും അടച്ചിടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുപരിപാടികളും റാലികളും നടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തി താന്‍ വീട്ടുതടങ്കലില്‍ ആണെന്ന സന്ദേശം ട്വിറ്ററില്‍ പങ്കു വച്ചു.

 

 

സമാധാനത്തിനു വേണ്ടി പോരാടിയ ഞങ്ങളെപ്പോലെ തിരഞ്ഞെടുക്കപെട്ട നേതാക്കള്‍ വീട്ടു തടങ്കലില്‍ ആണ് എന്നത് എന്തൊരു വിരോധാഭാസമാണ്. ജമ്മു-കശ്മീരിലെ ജനങ്ങളേയും ശബ്ദങ്ങളെയും നിശബ്ദമാക്കുന്നത് ലോകം കണ്ടു കൊണ്ടിരിക്കുകയാണ്. മതേതര-ജനാധിപത്യ ഇന്ത്യയെ തിരഞ്ഞെടുത്ത അതേ കശ്മീര്‍ തന്നെയാണ് സങ്കല്‍പ്പിക്കാന്‍ പറ്റാത്ത തരത്തിലുള്ള ഒരു അടിച്ചമര്‍ത്തല്‍ നേരിടുന്നത്. ഉണരൂ ഇന്ത്യ എന്നാണ് മെഹബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചത്.

മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും താന്‍ വീട്ടുതടങ്കലില്‍ ആണ് എന്ന് ധ്വനിപ്പിക്കുന്ന തരത്തിലുള്ള ഒരു സന്ദേശം ട്വിറ്ററില്‍ പങ്കു വച്ചു.

 

 

ഇന്ന് രാത്രി മുതല്‍ ഞാന്‍ വീട്ടുതടങ്കലില്‍ ആക്കപ്പെട്ടിരിക്കുന്നുവെന്നും ബാക്കിയുള്ള നേതാക്കള്‍ക്കും ഈ പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. ഇത് സത്യമാണോ എന്നറിയാന്‍ ഒരു വഴിയുമില്ല, പക്ഷേ സത്യമാണെങ്കില്‍, ഭാവി നമുക്കായി കാത്തു വയ്ക്കുന്നതെന്തോ, അതിന്‍റെ മറുകരയില്‍ ഞാന്‍ നിങ്ങളെ ഇനി കാണും. അല്ലാഹു രക്ഷിക്കട്ടെ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി ജമ്മു കശ്മീരില്‍ നടക്കുന്ന സൈനിക വിന്യാസത്തിന്റെ തുടര്‍ച്ചയാണ് ഇതെന്നാണു സൂചന. അമര്‍നാഥ് തീര്‍ത്ഥാടനംതാല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 

തീര്‍ത്ഥാടകരും വിനോദയാത്രികളും എത്രയും വേഗം കശ്മീര്‍ വീട്ടുപോകണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. 35,000 സൈനികരെയാണ് കേന്ദ്രം പുതുതായി കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ചു വ്യക്തമായ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

Trending News