ശ്രീനഗര്‍: പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് സൈനിക താവളങ്ങളില്‍ ചാവേറാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചന.
അതിര്‍ത്തിയിലുള്ള സൈനിക കേന്ദ്രങ്ങളെയാണ് അവര്‍ ലക്ഷ്യമിടുന്നതെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന്‍ സൈനിക കേന്ദ്രങ്ങളിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ജമ്മു കശ്മീരിലേയും പഞ്ചാബിലേയും അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിലെ വ്യോമസേന താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ് അലര്‍ട്ട് കഴിഞ്ഞാലുള്ള ഏറ്റവും വലിയ സുരക്ഷാ മുന്നറിയിപ്പ് ഓറഞ്ച് അലര്‍ട്ട് ആണ്.
പത്തോളം ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് നീങ്ങിയതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.
ബാലാകോട്ടില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പ് വീണ്ടും സജീവമായതായി കരസേനാ മേധാവി ബിപിന്‍ റാവത്ത് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരാക്രമണമുണ്ടാകുമെന്നുള്ള രഹസ്യാന്വേഷണ വിവരം ലഭിച്ചത്.
എന്തൊക്കെയുണ്ടായാലും ശക്തമായി നേരിടാന്‍ ഇന്ത്യ തയ്യാറാണെന്നും അതില്‍ ആശങ്ക വേണ്ടെന്നും കരസേനാ മേധാവി പറഞ്ഞിരുന്നു.