ബെംഗളൂരു : രാജ്യത്ത് കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കർണാടക ഹൈക്കോടതി. രാജ്യത്തിന്റെ നല്ലതിന് വേണ്ടി കുട്ടികളിലുള്ള സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. കുട്ടികളുടെ പ്രായം 21 ഓ അല്ലെങ്കിൽ വോട്ടവകാശം ലഭിക്കുമ്പോൾ (18) സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാവുന്ന രീതിയിൽ നിയന്ത്രണമേർപ്പെടുത്താനാണ് ഹൈക്കോടതി നിർദേശിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ (നേരത്തെ ട്വിറ്റർ) റിട്ട് അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. സ്കൂൾ കുട്ടികൾ സമൂഹമാധ്യമങ്ങളിൽ അടിമയായിരിക്കുകയാണ്. ഇവ ഉപയോഗിക്കാൻ പ്രായപരിധി കൊണ്ടുവന്നാൽ രാജ്യത്തിന് നല്ലതാണെന്ന് അപ്പീൾ പരിഗണിച്ച ജസ്റ്റിസ്മാരായ ജി. നരേന്ദറും വിജയകുമാർ എ പാട്ടിലും പറഞ്ഞു. രാജ്യത്തെ ഐടി നിയമം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തെറ്റിക്കുകയായണെങ്കിൽ ഇങ്ങനെ ഒരു നിയന്ത്രണം കൊണ്ടുവരുന്നതാണ് ഉത്തമമെന്ന് കോടതി കൂട്ടിച്ചേർത്തു.
നേരത്തെ അമേരിക്ക 13 വയസ്സിനു താഴെയുള്ള കുട്ടികളെ സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിലക്കാനുള്ള ബില്‍ സെനറ്റില്‍ അവതരിപ്പിച്ചു. പ്രാധാനമായും ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക് ടോക് തുടങ്ങിയവയില്‍ നിന്നും വിലക്കാനാണ് ശുപാര്‍ശ. രാജ്യത്ത് കൗമാരക്കാര്‍ക്ക് സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ ടെക് കമ്പനികള്‍, രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കണമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നു.
അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷമായി ബാധിക്കുന്നുവെന്ന വിദഗ്ധാഭിപ്രായം വിശദമായി പരിശോധിക്കണമെന്നും ബില്‍ ആവശ്യപ്പെടുന്നു. കുട്ടികളെക്കുറിച്ചുള്ള വ്യക്തിഗതവിവരങ്ങളടങ്ങിയ ഉള്ളടക്കമോ പരസ്യങ്ങളോ സാമൂഹികമാധ്യമ കമ്പനികള്‍ പങ്കുവെക്കാന്‍ പാടില്ലെന്നും അനുശാസിക്കുന്നുണ്ട്. ബില്ല് പ്രാബല്യത്തിത്തില്‍ വരുന്നതോടെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. കുട്ടികളുടെ പേരില്‍ പുതിയ അക്കൗണ്ടുകള്‍ സൃഷ്ടിക്കാന്‍ കഴിയില്ല. എന്നാല്‍, ലോഗിന്‍ചെയ്യാതെ ഉള്ളടക്കം വായിക്കാന്‍ പറ്റും. സാമൂഹികമാധ്യമങ്ങളിലെ ചതിക്കുഴികളില്‍നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള ആദ്യ പടിയായാണ് ഇത്തരമൊരു ബില്ല് കൊണ്ടുവരാനുള്ള കാരണമെന്ന് സെനറ്റംഗം ബ്രയാന്‍ ഷാറ്റസ് പ്രതികരിച്ചു. 2021-ലെ ഒരു സര്‍വേ റിപ്പോര്‍ട്ടുപ്രകാരം, യു.എസിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 57 ശതമാനം പെണ്‍കുട്ടികളിലും 29 ശതമാനം ആണ്‍കുട്ടികളിലും വിഷാദരോഗം ഉള്ളതായി കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...