പരിശോധന ശക്തമാക്കിയത് ചരക്കു നീക്കത്തെ ബാധിക്കുന്നതായി വ്യവസായസംഘടനകൾ. ചെന്നൈ തുറമുഖത്തെത്തുന്ന ഇത്തരം ഉത്പന്നങ്ങൾ പൂർണമായി പരിശോധിച്ചശേഷമേ പുറത്തേക്ക് നൽകൂവെന്ന നിലപാടിലാണ് കസ്റ്റംസ് അധികൃതർ.
ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമായ ശേഷമാണ് തുറമുഖങ്ങളിൽ പരിശോധന കർശനമാക്കിയിരിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയതായി അറിവില്ല. ധനമന്ത്രാലയം ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ലോക്ഡൗണിൽ തടസ്സപ്പെട്ട പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലായി വരുന്നതേ ഉള്ളൂ.
വാഹനഘടകങ്ങൾ, മരുന്നുനിർമാണത്തിനാവശ്യമായ രാസസംയുക്തങ്ങൾ, മൊബൈൽഫോൺ ഘടകങ്ങൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇതുവരെ ഇടയിൽനിന്ന് ഉത്പന്നങ്ങളെടുത്ത് പരിശോധിക്കുകയാണ് ചെയ്തിരുന്നത്. പകരം ഉത്പന്നങ്ങളെല്ലാം വിശദമായി പരിശോധിക്കാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.
Also Read: ബിൻ ലാദനെ രക്തസാക്ഷിയാക്കി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
ഉയർന്നവിലയുള്ള ഉത്പന്നങ്ങളുടെ പായ്ക്ക് ഇടയ്ക്കുവെച്ച് അഴിക്കുന്നതിലൂടെ പലതും ഉപയോഗശൂന്യമായി മാറുമെന്നും വിൽക്കാൻ കഴിയാതെവരുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. എക്സ്റേ സ്കാനിങ്, ഡോഗ് സ്ക്വാഡ് സേവനങ്ങൾ പരിശോധനയ്ക്കായി പ്രയോജനപ്പെടുത്തി ചരക്കുനീക്കം വേഗത്തിലാക്കണമെന്ന് വ്യവസായ സഘടനകൾ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പരിശോധനയെത്തുടർന്ന് രാജ്യത്തെ ചൈനീസ് കമ്പനികൾക്ക് ഘടകങ്ങൾ എത്തിക്കുന്നതിൽ തടസ്സം നേരിടുന്നതായും ഇതുസംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ചൈനീസ് സർക്കാരും ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.