Patna: ബീഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് (Bihar Assembly Election) അടുത്തിരിയ്ക്കെ അമേരിക്കന്‍ രീതിയില്‍ നേരിട്ടുള്ള സംവാദത്തിന് മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെല്ലുവിളിച്ച് RJD നേതാവും മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ്...
JD(UU) സര്‍ക്കാര്‍ അധികാരത്തിലിരുന്ന 15 വര്‍ഷത്തിനിടയില്‍ നിതീഷ് കുമാറിന് (Nitish Kumar) അവകാശപ്പെടാവുന്ന ഏതൊരു നേട്ടത്തെ കുറിച്ചും ഒരു തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും തേജസ്വി യാദവ് (Tejaswi Yadav) ആവശ്യപ്പെട്ടു.
'പുതിയ ഒരു സംവാദ പ്രവണത ആരംഭിക്കാന്‍ താന്‍ ആഗ്രഹിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ഒരു സംവാദമാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ നിതീഷ് കുമാര്‍ സംസ്ഥാനത്തിന്‍റെ ഭരണനേട്ടമായി ഉയര്‍ത്തിക്കാണിച്ച എന്തിനെ കുറിച്ചും ചര്‍ച്ച ചെയ്യാം. ഈ വെല്ലുവിളി നിതീഷ് കുമാര്‍ സ്വീകരിക്കണമെന്നാണ് പറയാനുള്ളത്', തേജസ്വി യാദവ് പറഞ്ഞു.
എന്നാല്‍, നിതീഷിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച തേജസ്വി യാദവ് എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന് പൂര്‍ണ്ണ പിന്തുണയും നല്‍കിയിരുന്നു. ചിരാഗിന് അദ്ദേഹത്തിന്‍റെ അച്ഛനെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമായിരുന്നു ഇതെന്നും ഈ സമയത്ത് ചിരാഗിനോട് നിതീഷ് പെരുമാറിയ രീതി ശരിയായില്ലെന്നും തേജസ്വി യാദവ് വിമര്‍ശിച്ചു.
"ചിരാഗ് പാസ്വാനോട് നിതീഷ് കുമാര്‍ കാണിച്ചത് ശരിയായില്ല. ചിരാഗ് പാസ്വാനെ സംബന്ധിച്ച് തന്‍റെ പിതാവ് കൂടെയുണ്ടാകേണ്ട സമയമായിരുന്നു ഇത്. പക്ഷേ രാം വിലാസ് പാസ്വാന്‍ ജി ഇന്ന് നമ്മോടൊപ്പം ഇല്ല, ഞങ്ങള്‍ അതില്‍ ദു:ഖിതരാണ്. ഈ സമയത്ത് തന്നെയാണ് നിതീഷ് കുമാര്‍ ചിരാഗ് പാസ്വാനോട് അനീതി കാണിച്ചതും. എന്തിന്‍റെ പേരിലായാലും നിതീഷ് കുമാര്‍ ചിരാഗിനോട് കാണിച്ചത് അന്യായമാണ്", തേജസ്വി യാദവ് പറഞ്ഞു.
നിതീഷ് കുമാര്‍ സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് ദേഷ്യമുണ്ട്. തിരഞ്ഞെടുപ്പില്‍ മഹാസഖ്യം അധികാരത്തിലെത്തുമെന്നും തിരഞ്ഞെടുപ്പ് റാലികളില്‍ കാണുന്ന വന്‍ ജനപ്രാതിനിധ്യം അതിനുള്ള തെളിവാണെന്നും തേജസ്വി യാദവ് പറഞ്ഞു.
അതേസമയം, ഇത്തവണ ബീഹാര്‍ തിരഞ്ഞെടുപ്പ് ദിനംപ്രതി കൂടുതല്‍ ആവേശമുണര്‍ത്തുന്നതായി മാറുകയാണ്. തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപൂര്‍ മണ്ഡലത്തില്‍ RJDയും LJPയും തമ്മില്‍ ധാരണയുള്ളതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതിനുകാരണവുമുണ്ട്. രാഘോപൂര്‍ മണ്ഡലത്തില്‍ LJP സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് രാജ്പുത് സമുദായത്തില്‍പ്പെട്ട വ്യക്തിയാണ്. BJPയ്ക്ക് ലഭിക്കുന്ന ഉന്നത സമുദായക്കാരുടെ വോട്ട് മറിക്കാനാണ് ചിരാഗ് ഈ നീക്കം നടത്തിയിരിയ്ക്കുന്നത് എന്നാണ് വിലയിരുത്തല്‍.
Also read: Bihar Assembly Election: ജനം തിങ്ങിക്കൂടി, തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സ്റ്റേജ് തകര്‍ന്നു
2015ല്‍ തേജസ്വിയ്ക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട സതീഷ് യാദവാണ് ഇത്തവണയും BJP സ്ഥാനാര്‍ഥി. രാജ്പുത് സമുദായത്തിന്‍റെ വോട്ടുകള്‍ നിര്‍ണ്ണായകമായ ഈ മണ്ഡലത്തില്‍ LJPയുടെ രാജ്പുത് സ്ഥാനാര്‍ഥി രംഗത്തെത്തിയതോടെ BJP സ്ഥാനാര്‍ഥിയ്ക്ക് വോട്ടുകള്‍ നഷ്ടപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല...
മൂന്നു ഘട്ടങ്ങളിലായാണ് ബീഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുക. 243 മണ്ഡലങ്ങളി ലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 10ന് വേട്ടെണ്ണല്‍ നടക്കും.