ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് സന്ദര്‍ശനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്.
പ്രധാനമന്ത്രിയുടെ കേദാർനാഥ് യാത്രക്കെതിരെ പരാതിയുമായി തൃണമൂൽ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മോദിയുടെ യാത്ര പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നാണ് തൃണമൂൽ കോൺഗ്രസ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചിരുന്നുവെങ്കിലും മോദിയുടെ സന്ദര്‍ശനം നടക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നില്ല. കൂടാതെ,
പ്രധാനമന്ത്രിയുടെ യാത്രയെപ്പറ്റിയും ധ്യാനത്തെപ്പറ്റിയും മാധ്യമങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കി കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇതെല്ലാം പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്.
കൂടാതെ, കേദാര്‍നാഥ് ക്ഷേത്രത്തിന്‍റെ വികസനത്തിനായി തയ്യാറാക്കിയ "മാസ്റ്റര്‍ പ്ലാന്‍" മധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചു. ഇത് പെരുമാറ്റ ചട്ട ലംഘനമാണ് എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്. കൂടാതെ, പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ സംസ്ഥാന ബിജെപി ട്വീറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ പരാതിയില്‍ പറയുന്നത്.