അയോധ്യ വിധിയെത്തുമ്പോള്‍ ബിജെപിയുടെ ഉരുക്കുമനുഷ്യനെത്തേടി ഒരാള്‍മാത്രം?

ദശാബ്ദങ്ങള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്ക് ശേഷം ഒടുവില്‍ രാമജന്മഭൂമി കേസില്‍ വിധി വരുമ്പോള്‍ ചിത്രത്തിലില്ലാതെ പോയ ഒരു ബിജെപി നേതാവുണ്ട്, ലാല്‍ കൃഷ്ണ അദ്വാനി!!

Last Updated : Nov 10, 2019, 07:31 PM IST
അയോധ്യ വിധിയെത്തുമ്പോള്‍ ബിജെപിയുടെ ഉരുക്കുമനുഷ്യനെത്തേടി ഒരാള്‍മാത്രം?

ന്യൂഡല്‍ഹി: ദശാബ്ദങ്ങള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്ക് ശേഷം ഒടുവില്‍ രാമജന്മഭൂമി കേസില്‍ വിധി വരുമ്പോള്‍ ചിത്രത്തിലില്ലാതെ പോയ ഒരു ബിജെപി നേതാവുണ്ട്, ലാല്‍ കൃഷ്ണ അദ്വാനി!!

അയോധ്യ എന്ന ഒറ്റ വിഷയത്തെ രാജ്യത്തെ മുഴുവന്‍ സ്പര്‍ശിക്കുന്ന രാഷ്ട്രീയ ആയുധമാക്കി മാറ്റിയതിന് പിന്നില്‍ അദ്വാനിയുടെ കൂര്‍മ്മ ബുദ്ധിയായിരുന്നു. ചരിത്രം പരിശോധിച്ചാല്‍ 1984ല്‍ പാര്‍ലമെന്‍റില്‍ 2 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിയെ ഭൂരിപക്ഷം നേടി ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയാക്കി വളര്‍ത്തുന്നതില്‍ അദ്വാനിയുടെ പങ്ക് നിര്‍ണ്ണായകമാണ്. 

എന്നാല്‍, അയോധ്യയിലെ രാമക്ഷേത്രത്തിനായി അമരക്കാരനായി അദ്വാനി നടത്തിയ രഥയാത്രയാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമിട്ടതും ഊര്‍ജം പകര്‍ന്നതും എന്നത് വസ്തുതയാണ്.

1992 ഡിസംബര്‍ 6ന് ബിജെപിയും വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി) സംയുക്തമായി സംഘടിപ്പിച്ച ഒന്നരലക്ഷം കര്‍സേവകരുടെ റാലി അക്രമാസക്തമാവുകയായിരുന്നു. തുടര്‍ന്നു സുരക്ഷാസേനയെ പോലും നോക്കുകുത്തിയാക്കിയാണു കര്‍സേവകര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തത്. അദ്വാനിക്ക് പുറമെ മുരളി മനോഹര്‍ ജോഷിയും ഉമാഭാരതിയും ഇതില്‍ പങ്കാളികളായി. എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നിന്ന് അയോധ്യയിലേക്കു നടന്ന രഥയാത്രയില്‍ രാജ്യത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.

എന്നാല്‍, അയോധ്യ രാമജന്മഭൂമി കേസില്‍ സുപ്രീംകോടതി ചരിത്രവിധി നടത്തവേ, ഈ ബിജെപി നേതാവിനെമാത്രം കാണാനില്ലായിരുന്നു. ബിജെപി നേടിയ ചരിത്ര വിജയത്തിന് ശേഷം അദ്ദേഹത്തെ തേടിയെത്തിയത് ഒരാള്‍ മാത്രമായിരുന്നു, ഉമാഭാരതി. ഒരുമണിക്കൂറോളം അദ്വാനിയുടെ വീട്ടില്‍ ചെലവഴിച്ചതിന് ശേഷമാണ് അവര്‍ മടങ്ങിയത്!!
 
ഇന്ത്യന്‍ രാഷ്ട്രീയത്തെത്തന്നെ പിടിച്ചുലച്ച അദ്ദേഹത്തിന്‍റെ വീടും പരിസരവും പതിവുപോലെ നിശബ്ദമായിരുന്നു. അധികസുരക്ഷ പോലും ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. ആഘോഷത്തിന്‍റെയോ സന്തോഷ പ്രകടനങ്ങളുടെയോ ഒരു സൂചനപോലും ആ പരിസരത്തെങ്ങുമുണ്ടായില്ല. അങ്ങനെ പറയാന്‍ കാരണമുണ്ട്. ഇന്നലെയായിരുന്നു അദ്വാനിയുടെ 92-ാം ജന്മദിനമായിരുന്നു. 

വിധി പറഞ്ഞ ഇന്ന് വൈകീട്ട് ഏഴ് മണിവരെയും വിധിയെക്കുറിച്ച് അദ്വാനിയുടെതായി ഒരു പ്രസ്താവനപോലും വന്നില്ല. ഏഴ് മണിക്ക് ശേഷമാണ് അദ്ദേഹം പ്രസ്താവനയിലൂടെ പ്രതികരിച്ചത്.

 

Trending News