റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദൈന്യംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ മേൽനോട്ട സമിതിയെ ഔദ്യോഗികമായി നിയമിച്ചു. മേൽനോട്ട സമിതിയെ നയിക്കുന്നത് ബോക്സിങ് താരം മേരി കോം ആണ്. മേരി കോമിനെ കൂടാതെ ഗുസ്തി താരം യോഗേശ്വർ ദത്ത്, ബാഡ്മിന്റൺ താരം തൃപ്തി മുർഗുണ്ടെ, ക്യാപ്റ്റൻ രാജഗോപാലൻ എന്നിവരാണ് പുതിയ മേൽനോട്ട സമിതിയിൽ ഉള്ളത്. മേൽനോട്ട സമിതിയെ ഔദ്യോഗികമായി നിയമിക്കുന്നത് വരെ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മേൽനോട്ട സമിതിയെ നിയമിച്ചത്.
നടന്നുകൊണ്ടിരിക്കുന്ന റാങ്കിംഗ് മത്സരം ഉൾപ്പെടെയാണ് നിർത്തവച്ചത്. മത്സരാർഥികളിൽ നിന്ന് വാങ്ങിയ എൻട്രി ഫീ തിരിച്ച് നൽകുമെന്നും അറിയിച്ചിരുന്നു. ഡബ്ല്യുഎഫ്ഐ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ സസ്പെൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് പുതിയ മേൽനോട്ട സമിതിയെ നിയമിച്ചത്.
ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തോമർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിനോദ് തോമറിനെ ഡബ്ല്യുഎഫ്ഐ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തത്. എന്നാൽ, തനിക്ക് സസ്പെൻഷനെ സംബന്ധിച്ച് അറിയില്ലായിരുന്നുവെന്ന് തോമർ വ്യക്തമാക്കി.
''എഎൻഐയിൽ നിന്നുള്ള കോളിലൂടെയാണ് എന്നെ സസ്‌പെൻഡ് ചെയ്തതായി അറിഞ്ഞത്. ഇതിനെക്കുറിച്ച് എനിക്ക് മുൻകൂട്ടി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല'' തോമർ എഎൻഐയോട് പറഞ്ഞു. ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റിനെതിരെ ലൈംഗികാതിക്രമവും സാമ്പത്തിക ക്രമക്കേടും ആരോപിച്ച് ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച ഗുസ്തിക്കാർ തങ്ങളുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്ന് തോമർ എഎൻഐയോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...