New Delhi: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ റെക്കോര്‍ഡ് കുതിപ്പാണ്. ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയിരിയ്ക്കുന്നത്.
തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 89.48 രൂപയും ഡീസലിന് 83.59 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 87 രൂപ 76 പൈസയും ഡീസലിന് 81 രൂപ 98 പൈസയുമാണ്.
ഫെബ്രുവരിയിൽ ഇന്ധനവില കൂട്ടുന്നത് ഇത് ആറാം തവണയാണ്. കഴിഞ്ഞ എട്ട് മാസത്തിനിടെ 16 രൂപയുടെ വര്‍ദ്ധനവാണ് പെട്രോളിനും ഡീസലിനും ഉണ്ടായിരിയ്ക്കുന്നത്.
അതേസമയം സർവകാല റെക്കോഡിലെത്തിയ ഇന്ധനവില ഇന്ന് പാര്‍ലമെന്‍റിലും ചർച്ചയായി.
ഇന്ത്യയുടെ അയൽരാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഇന്ധനവില (Fuel Price) വളരെ ഉയർന്നിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം ചോദ്യമുന്നയിച്ചു.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നത് അനുസരിച്ചാണ് രാജ്യത്തും ഇന്ധനവില കൂടുന്നത് എന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സഭയെ അറിയിച്ചു. അന്താരാഷ്ട്ര വിലയില്‍ മാറ്റമുണ്ടായാല്‍ ആ പ്രൈസി൦ഗ് മെക്കാനിസവുമായി നമുക്ക് ഒത്തുപോകേണ്ടിവരും. കഴിഞ്ഞ 300 ദിവസത്തിനിടെ 60 ദിവസം വില കൂടി. ഇപ്പോഴത്തെ അന്താരാഷ്ട്ര അസംസ്‌കൃത എണ്ണ വില 61 ഡോളറാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. കൂടാതെ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളുടെ ഇന്ധന ഉപഭോഗം വളരെ കുറവായതിനാൽ ഇന്ത്യയുമായി താരതമ്യം ചെയ്യുന്നതിൽ അർഥമില്ലെന്നും മന്ത്രി മറുപടി നല്‍കി .
'വലിയ സമ്പദ്‌വ്യവസ്ഥകളുമായാണോ അതോ ചെറുകിട സമ്പദ്‌വ്യവസ്ഥകളുമായോ നാം സ്വയം താരതമ്യം ചെയ്യേണ്ടത്? വൻതോതിലുള്ള ഉപഭോഗ വസ്തുക്കൾക്ക് ആ രാജ്യങ്ങളിൽ ചെലവേറും. ആ രാജ്യങ്ങളിലേയും നമ്മുടെ രാജ്യത്തെയും മണ്ണെണ്ണ വിലയിൽ വലിയ വ്യത്യാസമുണ്ട്. ബംഗ്ലാദേശിലും നേപ്പാളിലും മണ്ണെണ്ണ വില ലിറ്ററിന് 57 രൂപ മുതൽ 59 രൂപ വരെയാണ്. ഇന്ത്യയിൽ ഇത് ലിറ്ററിന് 32 രൂപ മാത്രമാണ്', മന്ത്രി പറഞ്ഞു.
കെ സി വേണുഗോപാല്‍, ഡോ. ശാന്തനു സെന്‍ തുടങ്ങിയവരാണ് ഇന്ധന വില സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചത്.
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. ഇന്ധന നികുതി നികുതി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പ്രധാന വരുമാനങ്ങളില്‍ ഒന്നാണ്. ഇത് വേണ്ടന്ന് വെക്കാനാകില്ല. വളരെ കരുതലോടെ ഇടപെടേണ്ട വിഷയമാണിത്. കേന്ദ്രം ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കൂട്ടുകയും കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന വില നിശ്ചയിക്കാനുള്ള അധികാരം പൊതുമേഖല എണ്ണക്കമ്പനികൾക്ക് നൽകിയതിന് ശേഷം അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് അവരാണ് വില നിശ്ചയിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Also read: Fuel Price: ഇന്ധനവിലയില്‍ നടുവൊടിഞ്ഞു പൊതുജനം, ജനത്തെ പിഴിഞ്ഞ് സര്‍ക്കാരുകള്‍
എണ്ണവില കുറയ്ക്കാനുള്ള ബാധ്യതയില്‍ 95% കേന്ദ്രത്തിന്‍റെ കൈയ്യിലാണെന്നിരിക്കേ എന്തുകൊണ്ട് ഇടപെടുന്നില്ലെന്നുള്ള ശാന്തനു സെന്നിന്‍റെ ചോദ്യത്തിന് കേന്ദ്രമാണ് 95 ശതമാനവും നിയന്ത്രിക്കുന്നത് എന്ന വാദം ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും നികുതി പിരിവില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കാരണം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വികസന ആവശ്യങ്ങള്‍ക്കുമായി എല്ലാവര്‍ക്കും പണം വേണം. അതു കണ്ടെത്താന്‍ ഈ മാര്‍ഗം സ്വീകരിക്കുകയാണ് എല്ലാവരും ചെയ്യുന്നത്. ആരാണ് ഉത്തരവാദിത്തമെടുക്കേണ്ടത് എന്നത് എപ്പോഴും ചര്‍ച്ചാവിഷയമാണെന്നും മന്ത്രി മറുപടി നല്‍കി.