തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച എഐ ക്യാമറകള്‍ ഒരു മാസത്തിനുള്ളില്‍ ഈടാക്കിയ പിഴ തുകയുടെ കണക്കുകള്‍ പുറത്തുവിട്ട് ഗതാഗത വകുപ്പ്. 7,94,65,550 രൂപയാണ് ഒരു മാസം കൊണ്ട് എഐ ക്യാമറകള്‍ ഈടാക്കിയത്. ആകെ 20,42,542 ഗതാഗത നിയമലംഘനങ്ങളില്‍ നിന്നാണ് ഇത്രയും രൂപ ഈടാക്കിയത്. ഇതില്‍ 8,17,800 രൂപ സര്‍ക്കാരിലേയ്ക്ക് അടച്ചിട്ടുണ്ടെന്നും ഗതാഗത വകുപ്പ് അറിയിച്ചു.
ജൂണ്‍ 5 മുതലാണ് എഐ ക്യാമറകള്‍ പിഴ ഈടാക്കി തുടങ്ങിയത്. ജൂലൈ 3 വരെ കണ്ടെത്തിയ നിയമലംഘനങ്ങളില്‍ 7,41,766 എണ്ണം പ്രോസസ് ചെയ്തു. ഇതില്‍ 1,77,694 എണ്ണം എന്‍ഐസിയുടെ ഐടിഎംഎസിലേയ്ക്ക് മാറ്റി. 1,28,740 എണ്ണത്തില്‍ ഇ-ചലാന്‍ ജനറേറ്റ് ചെയ്തു. ജനറേറ്റ് ചെയ്തവയില്‍ 1,04,063 ചലാനുകള്‍ തപാല്‍ വകുപ്പിന് കൈമാറി. ഐടിഎംഎസിലേയ്ക്ക് മാറ്റിയവയില്‍ ആകെ 2,14,753 പേര്‍ക്ക് പിഴ ചുമത്തി.
ALSO READ: റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ ജൂലൈ 31-നകം; മന്ത്രി ആന്റണി രാജു
73,887 പേര്‍ക്ക് ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പിഴ ചുമത്തി. തിരുവനന്തപുരം (19482) ജില്ലയിലാണ് ഹെല്‍മെറ്റ് ഇല്ലാത്തതിന് ഏറ്റവുമധികം ആളുകള്‍ക്ക് പിഴ ചുമത്തിയത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് (619 പേര്‍). പിന്‍ സീറ്റില്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് 30,213 പേര്‍ക്ക് പിഴയിട്ടു. സീറ്റ് ബെല്‍റ്റ് ഇല്ലാതെ യാത്ര ചെയ്തതിന് 49,775 പേര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് മലപ്പുറം ജില്ലയിലാണ്. 5,622 പേര്‍ക്കാണ് മലപ്പുറത്ത് മാത്രം പിഴയിട്ടത്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് (1932).
സഹയാത്രികന് സീറ്റ് ബെല്‍റ്റ് ഇല്ലാതെ യാത്ര ചെയ്ത 57,032 നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലും ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് മലപ്പുറം ജില്ലയിലാണ്. 8,169 നിയമലംഘനങ്ങളാണ് മലപ്പുറത്ത് കണ്ടെത്തിയത്. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 1,846 പേര്‍ക്ക് പിഴ ചുമത്തി. തിരുവനന്തപുരത്താണ് കൂടുതല്‍ - 312, ഇടുക്കിയിലാണ് കുറവ് - 9. ഇരുടചക്ര വാഹനത്തില്‍ മൂന്ന് പേര്‍ യാത്ര ചെയ്തതിന് 1,818 പേര്‍ക്ക് പിഴ ചുമത്തി. കൂടുതല്‍ തിരുവനന്തപുരം ജില്ലയിലാണ് (448), കണ്ണൂരിലാണ് കുറവ് (15).
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...