കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ നടൻ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി സൂചന. ദുബായില്‍ നിന്നാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് പോയതെന്നാണ് വിവരം. നേരത്തെ താരത്തിന്റെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. കൊച്ചി പോലീസിന്റെ ആവശ്യ പ്രകാരം കേന്ദ്ര വിദേശകാര്യ വകുപ്പായിരുന്നു ഈ നടപടി സ്വീകരിച്ചത്.
യുഎഇയ്ക്ക് പുറത്ത് വിജയ് ബാബു പോകാൻ സാധ്യതയുള്ള രാജ്യങ്ങൾക്കും ഈ വിവരം കൈമാറുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യം മുൻകൂട്ടി മനസിലാക്കി വിജയ് ബാബു ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്ക് കടന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത രാജ്യമാണ് ജോർജിയ. മെയ് 24നകം ഹാജരായില്ലെങ്കിൽ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ നീക്കമുണ്ട്.
പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന്റെ ശ്രമം. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ ദുബായിൽ താങ്ങാൻ വിജയ് ബാബുവിന് നിയമോപദേശം ലഭിച്ചിരിന്നു. ഇതിനിടയിലാണ് പാസ്പോർട്ട് റദ്ദാക്കിയത്. കഴിഞ്ഞ മാസം 22നാണ് പുതുമുഖ നടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...