ബിനോയി കോടിയേരിയുടെ ഹര്‍ജി 2 വര്‍ഷത്തിന് ശേഷം പരിഗണിക്കും!!

ഹൈക്കോടതിയില്‍നിന്നും കനത്ത തിരിച്ചടി നേരിട്ട് ബിനോയി കോടിയേരി!!

Last Updated : Oct 15, 2019, 10:52 AM IST
ബിനോയി കോടിയേരിയുടെ ഹര്‍ജി 2 വര്‍ഷത്തിന് ശേഷം പരിഗണിക്കും!!

മുംബൈ: ഹൈക്കോടതിയില്‍നിന്നും കനത്ത തിരിച്ചടി നേരിട്ട് ബിനോയി കോടിയേരി!!

ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് ബിനോയി കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് 2 കോടതി വര്‍ഷത്തേക്ക് മാറ്റിവച്ചു. ഹര്‍ജി പരിഗണിക്കുന്നത് 2021 ജൂണ്‍ മാസത്തിലേക്കാണ് മുംബൈ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മാറ്റിവച്ചത്. ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിനോയ് കോടിയേരി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

കേസില്‍ ഡിഎന്‍എ പരിശോധന ഫലം ലഭിക്കാന്‍ വൈകുമെന്നത് പരിഗണിച്ചാണ് മുംബൈ ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചത്. ഡിഎന്‍എ പരിശോധന ഫലം ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു. ഡിഎന്‍എ പരിശോധന നടത്തുന്ന ലാബില്‍ നേരത്തെയുള്ള ഒട്ടേറെ കേസുകളുടെ പരിശോധന നടക്കാനുണ്ടെന്നും അതിനാല്‍ ബിനോയ് കോടിയേരിയുടെ കേസിലെ ഫലം ലഭിക്കാന്‍ താമസമുണ്ടാകുമെന്നുമായിരുന്നു പോലീസ് കോടതിയെ അറിയിച്ചത്.

ബീഹാർ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് മുംബൈ ഓഷിവാര പൊലീസ് ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. മുന്‍പ് ഈ കേസ് പരിഗണിച്ച അവസരത്തിലാണ് ബിനോയ് ഡിഎന്‍എ ടെസ്റ്റ്‌ നടത്തണമെന്ന് കോടതി ഉത്തരവിട്ടത്. 

ദുബായ് ഡാൻസ്ബാറിൽ ജോലിക്കാരിയായിരുന്ന ബീഹാർ സ്വദേശിയായ യുവതിയുടെ പീഡന പരാതിയിയാലാണ് നേരത്തെ ബിനോയിക്കെതിരെ മുംബൈ ഓഷിവാര പോലീസ് കേസെടുത്തത്. 

വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ കുട്ടിയുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. മുംബൈയിലേക്ക് കൊണ്ടുവന്ന തന്നെയും കുട്ടിയെയും ബിനോയിയാണ് സംരക്ഷിച്ചിരുന്നത് എന്നും കുട്ടിയുടെ പിതാവ് ബിനോയി ആണെന്നും, തനിക്കും കുട്ടിക്കും ബിനോയി കോടിയേരി ചെലവിന് നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നു. 

 

 

Trending News