പത്തനംതിട്ടയെ മുള്‍മുനയില്‍ നിര്‍ത്തി ബിജെപി കേന്ദ്ര നേതൃത്വം!!

ശബരിമല സമരത്തിലൂടെ നേടിയെടുത്ത ആത്മവിശ്വാസവുമായി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ബിജെപി അണികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു ഇന്നലെ വൈകിട്ട് പുറത്ത് വിട്ട ബിജെപി സ്ഥാനാര്‍ത്ഥിപട്ടിക. 

Last Updated : Mar 22, 2019, 03:38 PM IST
പത്തനംതിട്ടയെ മുള്‍മുനയില്‍ നിര്‍ത്തി ബിജെപി കേന്ദ്ര നേതൃത്വം!!

തിരുവനന്തപുരം: ശബരിമല സമരത്തിലൂടെ നേടിയെടുത്ത ആത്മവിശ്വാസവുമായി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ബിജെപി അണികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു ഇന്നലെ വൈകിട്ട് പുറത്ത് വിട്ട ബിജെപി സ്ഥാനാര്‍ത്ഥിപട്ടിക. 

ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന മണ്ഡലം ഒഴികെ ബാക്കിയുള്ള മണ്ഡലങ്ങള്‍ക്ക് പ്രധാന്യം നല്‍കിയായിരുന്നു ഇന്നലെ പുറത്തു വന്ന സ്ഥാനാര്‍ത്ഥിപട്ടിക. 

ബിജെപി സംസ്ഥാനത്ത് മത്സരിക്കുന്ന ആകെയുള്ള 14 സീറ്റുകളില്‍ 13 സീറ്റിലും ഇന്നലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇനി പ്രഖ്യാപിക്കാനുള്ളത് ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന പത്തനംതിട്ട മാത്രമാണ്. ചൊവ്വാഴ്ച ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് കേരളത്തിലെ പട്ടിക നിശ്ചയിച്ചത്. എന്നാല്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് മാത്രം മാറ്റിവച്ചു. 

എന്നാല്‍ ഇന്നലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ശബരിമല സമരത്തിന്‍റെ പ്രഭവകേന്ദ്രമായ പത്തനംതിട്ട മണ്ഡലത്തില്‍ പാര്‍ട്ടി അണികള്‍, ശബരിമല സമരനായകനെന്ന് ബിജെപി വാഴ്ത്തുന്ന കെ. സുരേന്ദ്രന്‍റെ പേരില്ലാത്തതിനാല്‍ നിരാശരായി. 

ആര്‍.എസ്.എസ് നേതൃത്വത്തിന്‍റെയും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെയും ഇടപെടലിലൂടെയാണ് സുരേന്ദ്രന്  പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിത്വത്തിന് വഴിതുറന്നത്. തിരുവനന്തപുരം കഴിഞ്ഞാല്‍ ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ളത് പത്തനംതിട്ടയിലാണ്. അതിനാല്‍ തന്നെ ഒന്നില്‍ക്കൂടുതല്‍ സീറ്റുമോഹികള്‍ അവിടെ ഉണ്ടായിരുന്നു താനും.

എന്നാല്‍, പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ ഇന്നലെ പ്രഖ്യാപിക്കാതിരുന്നത് മറ്റാരെയോ അവിടെ പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹവും പരത്തിയിട്ടുണ്ട്. ഇതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യംവച്ചാണ് പത്തനംതിട്ട ഒഴിച്ചിട്ടിരിക്കുന്നതെന്ന അഭ്യൂഹവും ഇതിനിടയില്‍ പടരുന്നുണ്ടായിരുന്നു.

പത്തനംതിട്ടയില്‍ കോണ്‍ഗ്രസിലെ ഒരു ഉന്നതന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നതിന് ജാതി സാമുദായിക സമവാക്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വിശ്വസനീയമായ രീതിയില്‍ അവതരിപ്പിച്ചതോടെയാണ് അണികള്‍ക്കിടയിലും സുരേന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വം പത്തനംതിട്ടയില്‍ മങ്ങുന്നു എന്ന തരത്തില്‍ പ്രചരണം ആരംഭിച്ചത്. എന്നാല്‍ ഇതൊക്കെ ഊഹാപോഹം മാത്രമാണെന്നും അവിടെ കെ. സുരേന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇന്ന് പ്രഖ്യാപിക്കുമെന്നും ബിജെപി കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നുണ്ട്.

അതേസമയം, "ഹോട്ട്" സീറ്റായ പത്തനംതിട്ടയ്ക്കുവേണ്ടി വലിയ മത്സരമാണ്‌ പാര്‍ട്ടിയ്ക്കകത്ത് നടന്നത്. തുടക്കത്തില്‍, പി എസ് ശ്രീധരന്‍ പിള്ളയുടെ പേര് പറഞ്ഞുകേട്ട പത്തനംതിട്ടയില്‍ ആര്‍എസ്‌എസ് അപ്രതീക്ഷിതമായി കെ സുരേന്ദ്രന് വേണ്ടി ഇടപെട്ടതാണ് വഴിത്തിരിവായത്. ഇതോടെ, പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടെടുത്തു ശ്രീധരന്‍ പിള്ള. 

അതേസമയം, പത്തനംതിട്ട മണ്ഡലത്തില്‍നിന്നും അവസാന ഘട്ടം ഒഴിവാക്കിയതില്‍ ദേശീയനേതൃത്വത്തെ ശ്രീധരന്‍പിള്ള അതൃപ്തി അറിയിച്ചിരുന്നു. പിള്ളയുടെ പരാതി വന്ന സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചയുണ്ടാകുമോ, സുരേന്ദ്രനെ മാറ്റുമോ അതോ രണ്ട് പേര്‍ക്കുമപ്പുറം മറ്റാരെങ്കിലും വരുമോ എന്നിങ്ങനെ, പല തരം അഭ്യൂഹങ്ങള്‍ ഈ സാഹചര്യത്തില്‍ ഉയരുന്നുമുണ്ട്.

എന്തായാലും ബിജെപി കേന്ദ്ര നേതൃത്വം കാട്ടിയ സസ്പെന്‍സ് പത്തനംതിട്ടയിലെ അണികളെയാണ് അങ്കലാപ്പിലാക്കിയിരിക്കുന്നത്. മണ്ടലത്തില്‍ എതിര്‍കക്ഷികള്‍ പ്രചാരണത്തില്‍ ഏറെ മുന്നിലെത്തിയിട്ടും സ്ഥാനാര്‍ഥിയെ ലഭിക്കാത്തത്തിലുള്ള വിഷമത്തിലാണ് പത്തനംതിട്ടയിലെ പാര്‍ട്ടി അനുയായികള്‍. 

 

Trending News