മസ്ജിദ് മണ്ഡപമായി; അഞ്ജുവിന് താലി ചാര്‍ത്തി ശരത്

കാപ്പില്‍ കിഴക്ക് തോട്ടെതെക്കേടത്ത് തറയില്‍ ശശിധരന്‍റെയും മിനിയുടെയും മകന്‍ ശരത് ശശിയാണ് ഇന്നു രാവിലെ 11:30 നും 12:30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ അഞ്ജുവിന് താലി ചാര്‍ത്തിയത്.  

Last Updated : Jan 19, 2020, 04:23 PM IST
മസ്ജിദ് മണ്ഡപമായി; അഞ്ജുവിന് താലി ചാര്‍ത്തി ശരത്

കായംകുളം: മസ്ജിദ് കല്യാണമണ്ഡപമായതോടെ അഞ്ജു സുമംഗലിയായി.

കേള്‍ക്കുമ്പോള്‍ ഒന്നും മനസ്സിലാകുന്നില്ലയെങ്കിലും സംഭവം സത്യമാണ്. ചേരാവള്ളി മുസ്ലീം ജമാഅത്ത് പള്ളി അങ്കണമാണ് കതിര്‍മണ്ഡപമായത്.

കാപ്പില്‍ കിഴക്ക് തോട്ടെതെക്കേടത്ത് തറയില്‍ ശശിധരന്‍റെയും മിനിയുടെയും മകന്‍ ശരത് ശശിയാണ് ഇന്നു രാവിലെ 11:30 നും 12:30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ അഞ്ജുവിന് താലി ചാര്‍ത്തിയത്.

ചേരാവള്ളി ‘അമൃതാഞ്ജലി’യില്‍ പരേതനായ അശോകന്‍റെയും ബിന്ദുവിന്‍റെയും മകളാണ് വധുവായ അഞ്ജു. അശോകന്‍ മരിച്ചതോടെ ജീവിതം പ്രസിഡന്ധിയിലായ ബിന്ദു മകളുടെ വിവാഹം നടത്താന്‍ അയല്‍വാസിയും ജമാഅത്ത് സെക്രട്ടറിയുമായ നുജുമുദീന്‍ ആലുംമൂട്ടിലിന്‍റെ സഹായം തേടുകയായിരുന്നു. 

തുടര്‍ന്ന് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടിലിന്‍റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ഒത്തുചേര്‍ന്ന് അഞ്ജുവിന്‍റെ വിവാഹം നടത്തുന്ന ചുമതല ഏറ്റെടുക്കുകയായിരുന്നു. 

വീട്ടുകാര്‍ക്കൊപ്പം ജമാഅത്ത് കമ്മറ്റിയും അഞ്ജുവിന്‍റെയും ശരത്തിന്‍റെയും വിവാഹക്ഷണപത്രം വിതരണം ചെയ്തിരുന്നു. മുസ്ലീം പള്ളിയില്‍ വച്ചായിരുന്നു വിവാഹമെങ്കിലും പൂര്‍ണമായും ഹൈന്ദവാചാരപ്രകാരത്തിലായിരുന്നു ചടങ്ങുകള്‍. 

വിവാഹവേദിയില്‍ 200 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും പുറത്ത് വിശാലമായ പന്തലും ജമാഅത്ത് സംഘടനകള്‍ ഒരുക്കിയിരുന്നു. വിവാഹത്തിനു നേരിട്ടു ക്ഷണിച്ചതിനെക്കാള്‍ നന്മയും സ്‌നേഹവും കേട്ടറിഞ്ഞു നിരവധി പേരാണ് നവദമ്പതികളെ അനുഗ്രഹിക്കാന്‍ എത്തിയത്.

അഞ്ജുവിന്‍റെ വിവാഹത്തിന് വരനെ കണ്ടെത്തിയതു മുതല്‍ വിവാഹത്തിന് ആവശ്യമായ എല്ലാ ചെലവുകളും പള്ളി കമ്മിറ്റിയുടെ മേല്‍നോട്ടത്തിലായിരുന്നു നടന്നത്. 

പെണ്‍കുട്ടിയ്ക്ക് പത്തു പവന്‍റെ സ്വര്‍ണ്ണവും വസ്ത്രങ്ങളും പള്ളിക്കമ്മറ്റി വക നല്‍കിയിരുന്നു. കൂടാതെ വരന്റെയും വധുവിന്റെയും പേരില്‍ രണ്ട് ലക്ഷം രൂപയും പള്ളിക്കകമ്മിറ്റി ബാങ്കില്‍ നിക്ഷേപിക്കും.

വിവാഹ സഹായത്തിന് ബിന്ദു ആവശ്യപ്പെട്ടിരുന്നുവെന്നും തുടര്‍ന്ന് കല്ല്യാണം നടത്തിക്കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഒരു സഹോദരിക്ക് ചെയ്ത് കൊടുക്കേണ്ട നന്മയാണെന്ന് തിരിച്ചറിഞ്ഞാണ് കമ്മറ്റി തീരുമാനം എടുത്തതെന്നും ജമാഅത്ത് അധികൃതര്‍ അറിയിച്ചു. 

വിവാഹത്തിന് ജമാഅത്ത് കമ്മറ്റി തയ്യാറാക്കിയ വിവാഹക്ഷണകത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ജാതിയുടെയും മതത്തിന്‍റെയും പേരില്‍ മനുഷ്യരെ വേര്‍തിരിക്കുന്ന ഈ കാലത്ത് മനുഷ്യത്വത്തെ മുന്‍നിര്‍ത്തിയുള്ള ചേരാവള്ളി ജമാഅത്തിന്‍റെ ഈ പ്രവര്‍ത്തി അക്ഷരാര്‍ത്ഥത്തില്‍ മാതൃകയാണ്. 

Trending News