Ernakulam : മകളോടൊപ്പം തന്നെ മെഡിക്കൽ പഠനത്തിന് അഡ്മിഷൻ എടുത്തിരിക്കുകയാണ് ഒരു അച്ഛനും. ഒരേ ദിവസം നീറ്റ് പരീക്ഷയെഴുതിയാണ് ഇരുവരും അഡ്മിഷൻ എടുത്തിരിക്കുന്നത്. ബിപിസിഎൽ കൊച്ചി റിഫൈനറി ചീഫ് മാനേജർ ലഫ്. കേണൽ ആർ മുരുഗയ്യൻ (54), മകൾ ആർ എം ശീതൾ (18) എന്നിവർക്കാണ് എംബിബിഎസിന് ഒരുമിച്ച് അഡ്മിഷൻ ലഭിച്ചിരിക്കുന്നത്.
പണ്ട് മുതൽ മനസ്സിൽ കൊണ്ട് നടന്നിരുന്ന ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ബിപിസിഎൽ കൊച്ചി റിഫൈനറി ചീഫ് മാനേജർ ലഫ്. കേണൽ ആർ മുരുഗയ്യൻ. ആർ മുരുഗയ്യന് ചെന്നൈ ശ്രീലളിതാംബിക മെഡിക്കൽ കോളജിലാണ് അഡ്മിഷൻ ലഭിച്ചിരിക്കുന്നത്. അതേസമയം മകൾ ശീതളിന് പോണ്ടിച്ചേരി വിനായക മിഷൻ മെഡിക്കൽ കോളജിലാണ് അഡ്മിഷൻ ലഭിച്ചത്.
നിരവധി വിഷയങ്ങളിൽ ബിരുദം നേടിയിട്ടുള്ളയാളാണ് മുരുഗയ്യൻ. എഞ്ചിനിയറിങ്, നിയമം, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളിലെല്ലാം ബിരുദം നേടാൻ മുരുഗയ്യന് സാധിച്ചിട്ടുണ്ട്. മെഡിസിന് പഠിക്കാൻ മുരുഗയ്യന് ചെറുപ്പം മുതൽ തന്നെ താല്പര്യം ഉണ്ടായിരുന്നു. എന്നാൽ വീട്ടുകാരുടെ താല്പര്യ പ്രകാരം എഞ്ചിനിയറിങ് പഠിക്കുകയായിരുന്നു.
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ഉയർന്ന പ്രായപരിധി സുപ്രീം കോടതി റദ്ദാക്കി, എല്ലാവര്ക്കും പരീക്ഷയെഴുത്താമെന്ന് വിധിച്ചതോടെയാണ് നീറ്റ് എഴുതാൻ മുരുഗയ്യൻ തീരുമാനിച്ചത്. ജോലിയോടൊപ്പമാണ് മുരുഗയ്യൻ നീറ്റിനുള്ള തയ്യാറെടുപ്പുകളും മുന്നോട്ട് കൊണ്ട് പോയത്.
നീറ്റിനുള്ള തയ്യാറെടുപ്പിനും മെഡിക്കൽ പഠനത്തിനും പിന്തുണയുമായി മുരുഗയ്യന്റെ ഭാര്യ മാലതിയും ഇവരോടൊപ്പം ഉണ്ട്. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയാണ് മുരുഗയ്യൻ, ജോലി സംബന്ധമായി കേരളത്തിലെത്തിയ മുരുഗയ്യൻ 31 വര്ഷങ്ങളായി കേരളത്തിലാണ് താമസിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...