ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മംഗളാ ദേവി ക്ഷേത്രത്തിൽ ചിത്രപൗർണ്ണമി ഉത്സവം നടന്നു. വർഷത്തിലൊരിക്കൽ ചൈത്രമാസത്തിലെ പൗർണ്ണമി ദിനത്തിൽ മാത്രമാണ് ഇവിടെ ഭക്തർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കർശന നിയന്ത്രണങ്ങളോടെയാണ് ഉത്സവം നടന്നത്. കേരള തമിഴ്‌നാട് അതിർത്തിയിൽ പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവിയിലാണ് കണ്ണകി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചിലപ്പതികാരത്തിലെ കണ്ണകി - കോവലൻ കഥയാണ് മംഗളാ ദേവി ക്ഷേത്രത്തിന്റെ ഐതിഹ്യം. മധുര നഗരം ചുട്ടെരിച്ച ശേഷം കണ്ണകി മംഗള ദേവിയിലെത്തിയെന്നാണ് വിശ്വാസം. ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്ന മംഗളാ ദേവിയിൽ വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
കൊവിഡ് മൂലം രണ്ടുവർഷത്തെ ഇടവേയ്ക്കു ശേഷമാണ് ഇത്തവണ ഉത്സവം നടന്നത്. അതേസമയം ഉത്സവത്തോട് അനുബന്ധിച്ചുള്ള യോഗങ്ങളിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിക്ഷേധിച്ച് വിവിധ സംഘടനകളും രംഗത്ത് വന്നു. ഇടുക്കി - തേനി ജില്ലാഭരണകൂടങ്ങൾ സംയുക്തമായാണ് ഉത്സവം നടത്തിയത്. ഭക്തർ ക്ഷേത്രത്തിലേക്ക് എത്തി ചേരുന്നതിന് മുൻപായി എല്ലാ സുരക്ഷ ക്രമീകരണങ്ങളും പൂർത്തിയാക്കിയിരുന്നു.
115 ഉദ്യോഗസ്ഥ പ്രതിനിധികൾ അടങ്ങുന്ന റവന്യു സംഘത്തെയാണ് ചിത്ര പൗർണ്ണമി ഉത്സവത്തിൽ നിയോഗിച്ചിരുന്നത്. 5 ഡിവൈഎസ്പി മാരുടെ നേതൃത്വത്തിലുള്ള 435 പേരടങ്ങുന്ന പൊലീസ് സംഘമാണ് സുരക്ഷാ ചുമതല നിർവ്വഹിച്ചത്. സുരക്ഷയുടെ ഭാഗമായി 3 താൽക്കാലിക ചെക്പോസ്റ്റുകളിൽ പരിശോധന നടത്തിയശേഷമാണ് ഭക്തരെ മംഗളാ ദേവിയിലേയ്ക്ക് പ്രവേശിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...