ബെംഗളൂരു: കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് ആദ്യ മണിക്കൂറുകളില്‍ തന്നെ കര്‍ണാടകയെ സ്തംഭിപ്പിച്ചു. കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. ബന്ദിന് സംസ്ഥാന സര്‍ക്കാറിന്‍റെ പരോക്ഷ പിന്തുണയുമുണ്ട്.
ഓട്ടോ, ടാക്സി, ലോറി ഡ്രൈവേഴ്സ് അസോസിയേഷനുകളും എയര്‍പോര്‍ട്ട് ടാക്സികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സര്‍വിസ് നടത്തുന്നില്ല. കര്‍ണാടക സര്‍ക്കാരിന്‍റെ ബസുകളും നിരത്തിലിറങ്ങിയിട്ടില്ല. മെട്രോ സര്‍വീസസ് മാത്രമാണ് ഏക ആശ്രയം. വിദ്യാഭ്യാസസ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനെ പിന്തുണക്കുന്നുണ്ട്. കേരള ആര്‍.ടി.സിയുടെ പകല്‍ സര്‍വീസുകളും തടസ്സപ്പെടും. ഓണംപെരുന്നാള്‍ കണക്കിലെടുത്ത് വൈകിയാണെങ്കിലും പരമാവധി ബസുകള്‍ ഓടിക്കാന്‍ ശ്രമിക്കുമെന്ന് കേരള ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു.
അതേ സമയം കാവേരി നദിയില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും തമിഴ്നാടിന് വിട്ടുകൊടുക്കില്ലെന്നാണ് ചളുവളി ഒക്കൂട്ട സംഘടനാ പ്രസിഡന്റ് വടാല്‍ നാഗരാജന്റെ പ്രസ്താവന. ഇക്കാര്യത്തില്‍ കോടതിയലക്ഷ്യത്തിന് ജയിലില്‍ പോകാന്‍ തായ്യാറാണെന്നും അദ്ദേഹം പറയുന്നു. ബന്ദ് വിജയിപ്പിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളോടും സഹായം തേടിയതായി വടാല്‍ നാഗരാജ് വ്യക്തമാക്കി.
15,000 ഘന അടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്.ഇത് പ്രകാരം ബുധനാഴ്ചയാണ് വെള്ളം കൊടുത്തു തുടങ്ങിയത്. വെള്ളം കൊടുത്തതില്‍ പ്രതിഷേധിച്ച് അന്ന് മണ്ഡ്യയില്‍ ബന്ദായിരുന്നു.