ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരേ "പൂതന' പ്രയോഗം നടത്തിയിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്.
ഷാനിമോള്‍ തനിക്ക് സഹോദരിയെ പോലെയാണെന്നും മാധ്യമങ്ങളാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്നും സുധാകരന് വിശദമാക്കി.
വെള്ളിയാഴ്ച തൈക്കാട്ടുശേരിയില്‍ നടന്ന എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയ്ക്കെതിരെ മന്ത്രി വിവാദ പരാമർശ൦ നടത്തിയത്. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂർ, കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യുഡിഎഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലായിരുന്നു പ്രതിപക്ഷത്തെ വിമർശിക്കുന്നതിനിടെ മന്ത്രി വിവാദ പ്രസ്താവന നടത്തിയത്.
'കഴിഞ്ഞ തവണ 38000 വോട്ടിന് തോറ്റപ്പോഴും സി.ആര്‍ ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ളപ്രചാരണം നടത്തുകയാണ്.' മന്ത്രി പറഞ്ഞു.
അരൂരിൽ ഒരു വികസനവുമില്ലെന്ന് പറയുന്ന ഷാനിമോള്‍ ഉസ്മാന്‍ എങ്ങനെയാണ് വികസനം കൊണ്ടുവരികയെന്നും മന്ത്രി ജി സുധാകരൻ ചോദിച്ചു. ഒരിക്കൽകൂടി അരൂരിൽ ഇടത് എംഎൽഎയാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 5 നിയമസഭാ മണ്ഡലങ്ങളില്‍ സിപിഎമ്മിന്‍റെ ഏക സിറ്റി൦ഗ് സീറ്റാണ് അരൂരിലേത്. ഡിവൈഎഫ്ഐ നേതാവ് മനു സി പുളിക്കലാണ് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി.
അതേസമയം, മന്ത്രി ജി സുധാകരൻ നടത്തിയ പൂതന പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ് തീരുമാനിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പു ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെ യുഡിഎഫ് നേതാക്കൾ ഉപവാസ സമരം നടത്തും. രാവിലെ ഉപവരണാധികാരിയായ പട്ടണക്കാട് ബിഡിഒയുടെ ഓഫീസിനു മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.