ആലപ്പുഴ: ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ കൃത്രിമ കാൽ വെച്ച് മോഹിനിയാട്ടത്തിൽ നിറഞ്ഞാടി ഏഴാം ക്ലാസ് വിദ്യാർത്ഥിനി ദേവിക ദീപക്. ഒന്നര വയസ്സിൽ നഷ്ടപ്പെട്ട വലതു കാൽപാദത്തിന് പകരമുള്ള കൃത്രിമ കാൽ ദേവികയുടെ ജീവിതത്തിന്‍റെ ഭാഗമാണ്.
ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം മോഹിനിയാട്ടത്തിൽ മത്സരിച്ച കായംകുളം സെൻറ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഓച്ചിറ പായിക്കഴി സ്വദേശിനി ദേവിക ദീപക്കിന് ഓർമവെച്ച നാൾ മുതൽ ഒപ്പമുള്ളതാണ് കൃത്രിമ കാൽ.
2011 ൽ അമ്മ മിനിക്കും അമ്മൂമ്മയ്ക്കും ഒപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ ലോറി ഇടിച്ചാണ് ദേവികക്ക് കാൽപാദം നഷ്ടമായത്. അപകടത്തിൽ അമ്മ മിനി തൽക്ഷണം മരിച്ചു. ആറുമാസങ്ങൾക്ക് ശേഷം പാദത്തിന് യോജിച്ച കൃത്രിമ കാൽ ധരിച്ചു തുടങ്ങി. വിദേശത്ത് ജോലി ചെയ്യുന്ന ദീപക് ആണ് പിതാവ്.
അമ്മൂമ്മ സരസ്വതിയമ്മയ്ക്കൊപ്പമാണ് ദേവിക മത്സരത്തിനെത്തിയത്. ഓരോ വർഷവും പൊക്കത്തിനനുസരിച്ച് പുതിയ കൃത്രിമ കാലാണ് ധരിക്കുന്നത്. ഇന്ന് നടന്ന മത്സരത്തിൽ ദേവിയ്ക്ക് എ ഗ്രേഡ് ലഭിച്ചു. കലാകാരി എന്ന ലേബലിന് പുറമേ ഡോക്ടർ ആകണമെന്ന ആഗ്രഹത്തിലാണ് ദേവിക.