തൃശൂർ: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും. ഡാം തുറക്കാൻ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ശക്തമായ മഴയെ തുടർന്നുണ്ടായ നീരൊഴുക്കില്‍ ജലനിരപ്പ് വർധിച്ചതിനെ തുടർന്നാണ് ഡാം തുറക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
ശക്തമായ മഴയെ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തില്‍ ഡാമിലെ പരമാവധി ജലനിരപ്പായ 424 മീറ്ററില്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഡാം തുറക്കുന്നത്. പ്രദേശവാസികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷം ഉടൻ ഡാം തുറക്കാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.
ഡാം തുറക്കുന്ന സാഹചര്യത്തിൽ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വെള്ളം ചാലക്കുടി പുഴയിലേക്കാണ് ഒഴുകുക. അതേസമയം, സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതിനാൽ, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾക്കുൾപ്പെടെയാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...