തിരുവനന്തപുരം: ആറ്റിങ്ങലിൽ അച്ഛനെയും മകളെയും പിങ്ക് പൊലീസ് (Pink Police) പരസ്യ വിചാരണ ചെയ്ത സംഭവം ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി അന്വേഷിക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് യുവാവും മകളും ഇന്ന് പോലീസ് ആസ്ഥാനത്തെത്തി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന് പരാതി നൽകി. ഇതിനെത്തുടർന്നാണ് സംഭവം അന്വേഷിക്കുന്നതിന് ഡിജിപി (DGP) അനിൽ കാന്ത്, ദക്ഷിണമേഖലാ ഐജിയെ ചുമതലപ്പെടുത്തിയത്.
മോഷണകുറ്റം ആരോപിച്ച് പെണ്‍കുട്ടിയെയും അച്ഛനെയും പൊതുമധ്യത്തിൽ അപമാനിച്ച ആറ്റിങ്ങൽ പിങ്ക് പൊലീസിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ സി പി രജിതയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. 15 ദിവസത്തെ നല്ല നടപ്പു പരിശീലനവും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, വെഞ്ഞാറമൂട് സ്വദേശിയായ രജിതയെ തൊട്ടടുത്ത കൊല്ലം ജില്ലയിലേക്കാണ് സ്ഥലം മാറ്റിയത്.
രജിതയെ വീടിനടുത്തേക്ക് സ്ഥലം മാറ്റിയത് ശിക്ഷാനടപടിയല്ല എന്ന തരത്തിൽ ആക്ഷേപമുയർന്നിരുന്നു. മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് മൂന്നാംക്ലാസുകാരിയേയും പിതാവിനെയും റോഡിൽ നിർത്തി രജിത വിചാരണ ചെയ്തത്. തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മകളുമാണ് പരസ്യവിചാരണയ്ക്ക് വിധേയരായത്. പിങ്ക് പൊലീസിന്റെ (Police) വാഹനത്തിൽ നിന്നും രജിതയുടെ ഫോൺ മോഷ്ടിച്ചതായി ആരോപിച്ചാണ് പിതാവിനെയും മകളെയും അരമണിക്കൂറോളം നേരം റോഡിൽ തടഞ്ഞുനിർത്തി വിചാരണ ചെയ്തത്.
മോഷണം പോയതായി ആരോപിച്ച ഫോൺ ഒടുവിൽ രജിതയുടെ ബാഗിൽ നിന്ന് കണ്ടെത്തിയിരുന്നു. പെൺകുട്ടിയെയും പിതാവിനെയും ചെയ്യാത്ത തെറ്റിന്റെ പേരിൽ വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തന്റെ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ച് മകൾക്ക് കൈമാറിയെന്നാണ് രജിത ആരോപിച്ചത്. തുടർന്ന് ഫോൺ രജിതയുടെ ബാഗിൽ നിന്ന് കണ്ടെടുത്തിട്ടും പിതാവിനോടും കുട്ടിയോടും മോശമായാണ് ഇവർ പെരുമാറിയത്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...