തട്ടിക്കൂട്ട് സംവാദം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍; കെ-റെയിലിൽ സർക്കാരിനെതിരെ കെ.സുധാകരന്‍

കെ.റെയിലിന്‍റെ പേരില്‍ കുടിയൊഴിപ്പിക്കുന്നതും ദുരിതം പേറുന്നതുമായ നിരവധി ആളുകളുണ്ട്

Written by - Zee Malayalam News Desk | Last Updated : Apr 26, 2022, 07:22 PM IST
  • ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്
  • അടച്ചിട്ട ശീതികരിച്ച മുറികളിലല്ല സര്‍ക്കാര്‍ ഇത്തരം സംവാദം സംഘടിപ്പിക്കേണ്ടത്
  • ജനാധിപത്യവും സുതാര്യതയും ഉറപ്പുവരുത്താതെയാണ് കെ.റെയില്‍ സംവാദം സംഘടിപ്പിക്കുന്നത്
തട്ടിക്കൂട്ട് സംവാദം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍; കെ-റെയിലിൽ സർക്കാരിനെതിരെ കെ.സുധാകരന്‍

തിരുവനന്തപുരം: കെ - റെയിലിൽ തട്ടിക്കൂട്ട് സംവാദം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ആര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം  ഒരു സംവാദം സംഘടിപ്പിക്കുന്നത്. അടച്ചിട്ട ശീതികരിച്ച മുറികളിലല്ല സര്‍ക്കാര്‍ ഇത്തരം സംവാദം സംഘടിപ്പിക്കേണ്ടതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

കെ.റെയിലിന്‍റെ പേരില്‍ കുടിയൊഴിപ്പിക്കുന്നതും ദുരിതം പേറുന്നതുമായ നിരവധി ആളുകളുണ്ട്. അവരുമായി സംവദിക്കാനുള്ള നട്ടെല്ലും ആര്‍ജ്ജവവുമാണ് സര്‍ക്കാര്‍ ആദ്യം കാട്ടേണ്ടതെന്നും സുധാകരൻ പറഞ്ഞു. കെ - റെയിലിന്‍റെ പേരില്‍ ദുരിതം അനുഭവിക്കുന്നവരെ കാണാനോ അവരുടെ പരിഭവം കേള്‍ക്കാനോ നാളിതുവരെ സര്‍ക്കാരും മുഖ്യമന്ത്രി തയ്യാറായില്ല. കെ.റെയില്‍ പദ്ധതിയുടെ പേരില്‍ ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്തവരുമായി സംവാദമോ ചര്‍ച്ചയോ നടത്തിയിട്ട് എന്തു പ്രയോജനമാണുള്ളതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

ജനാധിപത്യവും സുതാര്യതയും ഉറപ്പുവരുത്താതെയാണ് കെ.റെയില്‍ സംവാദം സംഘടിപ്പിക്കുന്നത്.അതിനാലാണ് സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ത്തുകൊണ്ട് സംസാരിക്കുന്ന പാനലിലെ അംഗങ്ങളായ അലോക് വര്‍മയും ആര്‍.ശ്രീധരും സംവാദ പരിപാടിയില്‍ നിന്ന് പിന്‍മാറിയത്. കെ.റെയില്‍ സംവാദ പരിപാടി സര്‍ക്കാരിന്‍റെ പി.ആര്‍ എക്സര്‍സെെസ് മാത്രമായി മാറിയെന്നും സുധാകരൻ കുറ്റപ്പെടുത്തി.

ആരാണ് സംവാദം നടത്തുന്നത് എന്നത് സംബന്ധിച്ച് ആശയക്കുഴപ്പവും അനിശ്ചിതത്വവും നിലനില്‍ക്കുന്നുയെന്നതാണ് വസ്തുത. രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യൂവിനെ പാനലില്‍ നിന്ന് ഒഴിവാക്കിയത് എതിര്‍ശബ്ദങ്ങളുടെ എണ്ണം കുറച്ച് സര്‍ക്കാരിന് മംഗളപത്രം രചിക്കുന്നവരെ ഉള്‍പ്പെടുത്തി സംവാദം സംഘടിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത ഇതില്‍ നിന്ന് പ്രകടമാണെന്നും സുധാകരന്‍ പറഞ്ഞു.

കെ.റെയിലിനെതിരെ കേരളത്തിലുടനീളം നടക്കുന്ന പ്രതിഷേധങ്ങളെ സിപിഎം ഗുണ്ടകളെയും പോലീസിനെയും ഉപയോഗിച്ച് തല്ലിയൊതുക്കാന്‍ ചട്ടംകെട്ടിയ ശേഷമാണ് സംവാദം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മാടപ്പള്ളിയിലും കഴക്കൂട്ടത്തും ആക്രമണത്തിന് പൊലീസ് നേതൃത്വം നല്‍കുമ്പോള്‍ കണ്ണൂരില്‍  സി.പി.എമ്മുകാരാണ് കെ.റെയില്‍ പ്രതിഷേധക്കാരെ കായികമായി നേരിടുന്നത്. കെ.റെയിലിനെതിരെ പ്രതിഷേധിച്ചാല്‍ വീണ്ടും മര്‍ദ്ദിക്കുമെന്ന് പറഞ്ഞ് ഇവര്‍ക്ക് ധാര്‍മിക പിന്തുണ നല്‍കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News