കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജൻ്റെ ചാട്ടം ബിജെപിയിലേക്ക് ആവാനാണ് സാധ്യതയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. ഇപിയുടെ ആത്മകഥ വിവാദം കാലത്തിൻ്റെ കണക്ക് ചോദിക്കലാണെന്ന് സുധാകരൻ പറഞ്ഞു. കൊടുത്തത് കിട്ടും, സിപിഎമ്മിന് കിട്ടിക്കൊണ്ടിരിക്കുകയാണെന്നും കെ സുധാകരൻ പരിഹസിച്ചു. പ്രസിദ്ധീകരണത്തെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഡിസി ബുക്സ് ഏറെ വിശ്വസ്തമായ സ്ഥാപനമാണ്. അവരെ അവിശ്വസിക്കാൻ ഒരാൾക്കും കഴിയില്ല.
എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന്റെ പക ഇപിയ്ക്ക് ഇപ്പോഴും അടങ്ങിയിട്ടില്ല. ഇപിയുടെ പ്രസ്താവന തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടുമെന്നും ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റും കോൺഗ്രസ് നേടുമെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു.
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തിൽ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് മുൻ എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ ആത്മകഥ. ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന 'കട്ടൻചായയും പരിപ്പ് വടയും; ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്ന ആത്മകഥയെന്ന പേരിൽ പ്രചരിക്കുന്ന ഭാഗങ്ങളിലാണ് വിവാദ പരാമർശങ്ങളുള്ളത്.
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാലക്കാട് സിപിഎം സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണെന്നും തുടങ്ങി ഗുരുതര പരാമർശങ്ങളാണ് ആത്മകഥയായി പ്രചരിക്കുന്ന ഭാഗത്തുള്ളത്. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും വിമർശനമുണ്ട്.
എന്നാൽ പ്രചരിക്കുന്നത് തന്റെ ആത്മകഥയല്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നുമാണ് ഇപി ജയരാജൻ പറഞ്ഞത്. തികച്ചും അടിസ്ഥാന രഹിതമാണെന്നും പുസ്തകം താൻ എഴുതിതീർന്നിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കാനുള്ള അനുമതി ആർക്കും നൽകിയിട്ടില്ലെന്നും വ്യക്തമാക്കി.
അതിനിടെ പ്രസാധനം നീട്ടിവെച്ചതായി ഡിസി ബുക്ക്സ് അറിയിച്ചു. പുസ്തക നിർമിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം നീട്ടിവെച്ചതായി വിശദീകരണം. വോട്ടെടുപ്പ് ദിനമായ ഇന്ന് ആത്മകഥ പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാക്കുമെന്നും ഡിസി ബുക്ക്സ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.