കെവിന്‍റെ കൊലപാതകം ദുരന്ത പരമ്പരകളുടെ തുടര്‍ച്ച: വിഎം സുധീരന്‍

പ്രണയ വിവാഹത്തെത്തുടര്‍ന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട കെവിന്‍ തികച്ചും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവം പൊലീസിന്‍റെ കൃത്യവിലോപത്താല്‍ നടന്നുവരുന്ന ദുരന്ത പരമ്പരകളുടെ തുടര്‍ച്ചയാണെന്ന് വിഎം സുധീരന്‍. 

Last Updated : May 28, 2018, 07:15 PM IST
കെവിന്‍റെ കൊലപാതകം ദുരന്ത പരമ്പരകളുടെ തുടര്‍ച്ച: വിഎം സുധീരന്‍

കൊച്ചി: പ്രണയ വിവാഹത്തെത്തുടര്‍ന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട കെവിന്‍ തികച്ചും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവം പൊലീസിന്‍റെ കൃത്യവിലോപത്താല്‍ നടന്നുവരുന്ന ദുരന്ത പരമ്പരകളുടെ തുടര്‍ച്ചയാണെന്ന് വിഎം സുധീരന്‍. 

പൊലീസ് ഒന്നുകില്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നു, അല്ലെങ്കില്‍ അതിക്രൂരമായ അതിക്രമങ്ങള്‍ നടത്തുന്നു. കേരളത്തില്‍ മുന്‍പൊന്നും ഇല്ലാത്ത രീതിയില്‍ ഇതെല്ലാം വ്യാപകമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനോ പ്രവര്‍ത്തന ശൈലിയിലും സമീപനത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനോ പൊലീസിന്‍റെ തലപ്പത്തിരിക്കുന്നവര്‍ക്കാകുന്നില്ല. പൊലീസിന്‍റെ രാഷ്ട്രീയവത്ക്കരണവും അതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളെ പരസ്യമായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ രീതിയും കേരളത്തെ എത്തിച്ചിട്ടുള്ളത് ആര്‍ക്കും എന്തും ചെയ്യാം എന്ന അവസ്ഥയിലേക്കാണ്,' സുധീരന്‍ പറഞ്ഞു.

മനുഷ്യജീവന് തെല്ലും വിലയില്ലാത്ത കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മോശമായ നിലയിലേക്ക് കേരളവും എത്തിച്ചേരുന്ന സാഹചര്യത്തിന് ഇടവരുത്തിയിരിക്കുകയാണ്. ക്വട്ടേഷന്‍ സംഘങ്ങളും ക്രിമിനല്‍ കൂട്ടങ്ങളും ഭരണകക്ഷി സ്വാധീനത്തോടെ അഴിഞ്ഞാടുന്ന ഈ ദുരവസ്ഥയ്ക്ക് മുഖ്യമന്ത്രി തന്നെയാണ് ഉത്തരവാദിയെന്ന് പറഞ്ഞ സുധീരന്‍ തനിക്ക് നേരെ ചൊവ്വേ ഭരണം നടത്താനറിയില്ലെന്ന് ആവര്‍ത്തിച്ച്‌ തെളിയിച്ച മുഖ്യമന്ത്രി ഇനിയെങ്കിലും തല്‍സ്ഥാനം ഒഴിയാന്‍ വൈകുന്ന ഓരോ നിമിഷവും ജനങ്ങള്‍ക്ക് ആപത്ക്കരമാണെന്നും കൂട്ടിച്ചേര്‍ത്തു. 

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

 

 

 

Trending News