ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി

  

Last Updated : May 28, 2018, 12:46 PM IST
ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി

കൊല്ലം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ ഭാര്യ വീട്ടുകാര്‍ വീടാക്രമിച്ച് തട്ടിക്കൊണ്ട് പോയ നവ വരന്‍റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. കോട്ടയം കുമാരനല്ലൂര്‍ പ്ലാത്തറയില്‍ കെവിന്‍റെ മൃതദേഹമാണ് തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്ന് കണ്ടെത്തിയത്. 

സഹോദരനും സംഘവും ചേര്‍ന്നാണ് കെവിനെ തട്ടിക്കൊണ്ട് പോയതെന്ന ഭാര്യ നിനുവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് അന്വേഷിച്ച് വരികയായിരുന്നു. സഹോദരന്‍ അടുത്തിടെയാണ് വിദേശത്തുനിന്ന് വന്നത്. ഇവര്‍ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനങ്ങളിലൊന്ന് കേസ് അന്വേഷണത്തിനിടെ തെന്മല പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

നിനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെ ഇവര്‍ വിവാഹം കഴിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തി ഇരുവരുമായി സംസാരിച്ചിരുന്നു. 

പൊലീസിന്‍റെ നിർദേശപ്രകാരം നിനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താൽപര്യമെന്ന് അറിയിച്ചു. ഇത് എതിര്‍ത്ത വീട്ടുകാര്‍ നിനുവിനെ പോലീസിന്‍റെ മുന്നില്‍ വച്ച് മര്‍ദിക്കുകയും നാട്ടുക്കാര്‍ ഇടപെട്ടതോടെ പിന്‍വാങ്ങുകയും ചെയ്തു. തുടര്‍ന്ന്, നിനുവിനെ കെവിന്‍ കോട്ടയത്തെ ഹോസ്റ്റലില്‍ പാര്‍പ്പിക്കുകയും, കെവിന്‍ മാന്നാനത്ത് ബന്ധുവായ അനീഷിന്‍റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. 

ഞായറാഴ്ച പുലര്‍ച്ചെ മൂന്നു കാറുകളിലായെത്തിയ സംഘം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ട് പോകുകയും പോകുന്ന വഴിയില്‍ അനീഷിനെ ഇറക്കി വിടുകയും ചെയ്തു. സാരമായി പരിക്കേറ്റ അനീഷ്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  

അതേസമയം, സംഭവത്തില്‍ കോട്ടയം പോലീസിന് സംഭവിച്ചത് ഗുരുതരവീഴ്ചയെന്നാണ് കെവിന്‍റെ ബന്ധുകളുടെ ആരോപണം. ശനിയാഴ്ച്ച പുലര്‍ച്ചെ തട്ടിക്കൊണ്ടു പോയ കെവിനെ കണ്ടെത്താനുള്ള നടപടികള്‍ക്ക് വൈകുന്നേരം നാല് മണിക്കാണ് പോലീസ് തുടക്കമിടുന്നത്. ഒരല്‍പം ഉത്തരവാദിത്തം പോലീസ് കാണിച്ചിരുന്നുവെങ്കില്‍ കെവിനെ ജീവനോടെ രക്ഷിക്കാമായിരുന്നു എന്നാണ് പോലീസിന് നേരെ ഉയരുന്ന പ്രധാന വിമര്‍ശനം. സംഭവത്തില്‍ കെവിന്‍റെ ഭാര്യയുടെ ബന്ധുകളുമായി ചേര്‍ന്ന് ഗാന്ധിനഗര്‍ എസ്.ഐ ഒത്തുകളിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് കെവിന്‍റെ ബന്ധുകള്‍ ഉന്നയിക്കുന്നത്. 

നിനുവിന്‍റെ പരാതി അവഗണിച്ച കോട്ടയം ഗാന്ധിനഗർ എസ്ഐയ്ക്കെതിരെ അന്വേഷണം നടത്തും. എസ്.ഐ. എം.എസ്. ഷിബുവിനോട് ജില്ലാ പൊലീസ് മേധാവി വിശദീകരണം തേടിയിട്ടുണ്ട്. പ്രതികളിൽനിന്നു പണം കൈപ്പറ്റിയെന്ന പരാതി ഡിവൈഎസ്പി അന്വേഷിക്കും.

Trending News