തൃശൂര്‍: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം കൈയ്യേറ്റം ചെയ്തതിനിടയില്‍ കൊല്ലപ്പെട്ട മധുവിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടില്‍ തലയ്ക്ക് മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ബലറാമിന്‍റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്.
മധുവിന്‍റെ മരണമൊഴിയിലും നാട്ടുകാരില്‍ നിന്ന് തനിക്ക് മര്‍ദ്ദനമേറ്റതായി പറഞ്ഞിരുന്നു. മോഷ്ടാവെന്ന് ആരോപിച്ച് കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന്, ഏഴ് പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മധു പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമായി സൂചിപ്പിച്ചിരുന്നു.
തന്നെ അവര്‍ അടിക്കുകയും തൊഴിക്കുകയും ചെയ്തു. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലേക്ക് വെള്ളം ഒഴിച്ചുതരികയായിരുന്നുവെന്നും മൊഴിയില്‍ മധു പറയുന്നുണ്ട്. മൊഴി നല്കി അല്‍പസമയത്തിനകം മധു മരണത്തിന് കീഴടങ്ങിയെന്ന് പൊലീസ് വിശദീകരിക്കുന്നു.