കാസർകോട്: മഞ്ചേശ്വരത്ത് പണം നൽകി സ്ഥാനാർഥിത്വം പിൻവലിപ്പിച്ചെന്ന കേസിൽ കെ സുന്ദര മൊഴി നൽകി. ക്രൈംബ്രാഞ്ച് (Crime Branch) സംഘത്തിന് മുന്നിലാണ് കെ സുന്ദര മൊഴി നൽകിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് മൊഴി (Statement) രേഖപ്പെടുത്തിയത്.
തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന മൊഴിയിൽ ഉറച്ചുനിൽക്കുന്നതായി സുന്ദര വ്യക്തമാക്കി. നേരത്തെ പൊലീസിന് നൽകിയ മൊഴിയിൽ പണം നൽകുന്നതിന് മുൻപ് ബിജെപി പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപോയെന്നും തടങ്കലിൽ വച്ചെന്നും സുന്ദര വ്യക്തമാക്കിയിരുന്നു. ഇതേ മൊഴി തന്നെയാണ് ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിലും കെ സുന്ദര ആവർത്തിച്ചത്.
ALSO READ: മുട്ടിൽ മരംമുറിക്കേസ്; കേന്ദ്ര വനംമന്ത്രി റിപ്പോർട്ട് തേടി, വിശദമായ അന്വേഷണം വേണമെന്ന് ബിജെപി
മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയ്ക്ക് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ പണം നൽകിയെന്ന കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ (K Surendran) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് പ്രദേശിക നേതാക്കൾക്കെതിരെയും കേസ് എടുക്കാൻ കോടതി അനുമതി നൽകിയിരുന്നു. ബിജെപി നേതാക്കൾ വീട്ടിലെത്തി രണ്ടരലക്ഷം രൂപയും ഫോണും നൽകിയെന്നായിരുന്നു വെളിപ്പെടുത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥിയായിരുന്ന വിവി രമേശനാണ് പരാതി നൽകിയത്. 15 ലക്ഷം രൂപ ചോദിച്ചിരുന്നെന്നും എന്നാൽ രണ്ടരലക്ഷം രൂപയും ഫോണുമാണ് ലഭിച്ചതെന്നും കെ സുന്ദര വെളിപ്പെടുത്തിയിരുന്നു. കെ സുരേന്ദ്രൻ ജയിച്ചുകഴിഞ്ഞാൽ കർണാടകയിൽ വൈൻ പാർലർ നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നതായി കെ സുന്ദര പറഞ്ഞു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ബിജെപി നേതാക്കൾ (BJP Leaders) രംഗത്തെത്തിയിരുന്നു.
ബിജെപിയെ തകർക്കാനുള്ള കരുനീക്കങ്ങളാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു. ചില മാധ്യമങ്ങളും സിപിഎം, കോൺഗ്രസ് തുടങ്ങിയ തൽപര കക്ഷികളുമാണ് ഇതിന് പിന്നിൽ. അവർക്കെതിരായ എതിർ ശബ്ദങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുമ്മനം പറഞ്ഞു. സുന്ദര സ്വന്തം താൽപര്യ പ്രകാരമാണ് സ്ഥാനാർഥിത്വം പിൻവലിച്ചത്. ഇത് റിട്ടേണിങ് ഓഫീസർക്ക് മുൻപിൽ പറഞ്ഞ കാര്യമാണ്. ഇപ്പോൾ കള്ള പരാതി നൽകുകയാണെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...