Vythiri Subjail: വൈത്തിരി സബ്ജയിലിലെ കോവിഡ് വ്യാപനം: തടവുകാരെ കുത്തിനിറച്ചത് രോഗവ്യാപനമുണ്ടാക്കിയെന്ന് മെഡിക്കല്‍ സംഘം

16 പേരെ താമസിപ്പിക്കാന്‍ അനുമതിയുള്ള ജയിലില്‍ 43 തടവുകാരുണ്ടായിരുന്നു. 43 പേര്‍ക്കായി ആകെ മൂന്ന് ശൗചാലയങ്ങളാണുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Oct 26, 2021, 01:54 PM IST
  • വൈത്തിരി സ്പെഷ്യല്‍ സബ് ജയിലില്‍ കൊവിഡ് വ്യാപനമുണ്ടായത് തടവുകാരെ കുത്തി നിറച്ചത് മൂലമെന്ന് മെഡിക്കൽ സംഘം.
  • 16 പേർക്ക് പകരം 43 തടവുകാരാണ് ജയിലിൽ ഇപ്പോഴുള്ളത്.
  • 43 പേരിൽ 26 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 Vythiri Subjail: വൈത്തിരി സബ്ജയിലിലെ കോവിഡ് വ്യാപനം: തടവുകാരെ കുത്തിനിറച്ചത് രോഗവ്യാപനമുണ്ടാക്കിയെന്ന് മെഡിക്കല്‍ സംഘം

വയനാട്: തടവുകാർക്ക് കോവിഡ് (Covid) ബാധിച്ച വൈത്തിരി സ്പെഷ്യല്‍ സബ് ജയിൽ (Vythiri Sub Jail) സന്ദർശിച്ച് മെഡിക്കൽ സംഘം. വൈത്തിരി താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. ഷെറിന്‍ ജോസ് സേവ്യറുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരാണ് (Healthworkers) ജയില്‍ സന്ദര്‍ശിച്ചത്. ജയിലില്‍ കോവിഡ് വ്യാപനത്തിന്റെ തോത് വർധിപ്പിച്ചത് തടവുകാരെ (Prisoners) കുത്തി നിറച്ച് പാര്‍പ്പിച്ചത് മൂലമാണെന്നാണ് മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ. 

വൈത്തിരി സ്‌പെഷ്യല്‍ സബ് ജയിലില്‍ പകുതിയിലധികം പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എട്ട് സെല്ലുകളിലായി രണ്ട് പേര്‍ വീതം 16 പേരെയാണ് താമസിപ്പിക്കേണ്ടതെങ്കിലും 43 തടവുകാരാണ് ഇപ്പോഴുള്ളത്. ഇതിൽ 26 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വേണ്ടത്ര സൗകര്യങ്ങളില്ലാത്ത ജയിലിൽ തടവുകാരെ കുത്തി നിറച്ച് പാർപ്പിച്ചതോടെ ഇവിടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചു. 

Also Read: വിയ്യൂർ ജയിലിൽ 30 തടവുകാർക്ക് കൊറോണ സ്ഥിരീകരിച്ചു

 

വൈത്തിരി സ്പെഷ്യല്‍ സബ് ജയിലില്‍ തടവുകാർ തിങ്ങിതാമസിക്കുന്നതാണ് രോഗവ്യാപനം രൂക്ഷമാക്കിയതെന്ന് ആരോഗ്യ സംഘം വിലയിരുത്തി. മതിയായ സൗകര്യങ്ങളില്ലാത്ത ജയിലില്‍ അനുവദിക്കാവുന്നതിലുമധികം തടവുകാരെ പാര്‍പ്പിച്ചതോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും സമ്പര്‍ക്കവിലക്ക് കൃത്യമായി ഏര്‍പ്പെടുത്തുന്നതിലും ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റി. 

മൂന്നുപേര്‍ക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സമ്പര്‍ക്കവ്യാപനം ഉണ്ടായി. ഇനിയും തടവുകാര്‍ക്കിടയില്‍ രോഗം പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ രോഗബാധിതരുടെ അവസ്ഥ തൃപ്തികരമാണെന്ന് ഡോ. ഷെറിന്‍ ജോസ് സേവ്യര്‍ അറിയിച്ചു. രോഗികളില്‍ ഒരാള്‍ ജാമ്യം നേടി പോയതിനാല്‍ 25 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 

Also Read: Kerala COVID Update : ഇന്ന് സംസ്ഥാനത്ത് 6500-ൽ അധികം പേർക്ക് കോവിഡ്, ടെസ്റ്റ് നടത്തിയത് 61,202 സാമ്പിളുകൾ

 

43 പേര്‍ക്കായി ആകെ മൂന്ന് ശൗചാലയങ്ങളാണുള്ളത്. ജയിലിലെ അസൗകര്യങ്ങള്‍ക്ക് പുറെ കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ ബന്ധപ്പെട്ടവരെ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. മാനന്തവാടി ജില്ലാ ജയിലില്‍ ഒരേ സമയം 200 പേരെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ട്. ജില്ലാ ജിയിലില്‍ സൗകര്യമുണ്ടായിട്ടും കൊവിഡ് കാലത്ത് പോലും ഇത് ഉപയോഗപ്പെടുത്താന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല എന്നാണ് ആരോപണം. 

മെഡിക്കല്‍ സംഘം ജയില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. രോഗം സ്ഥിരീകരിക്കാത്ത മുഴുവന്‍ തടവുകാരോടും നവംബര്‍ ഒന്നിന് സ്രവപരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ രോഗബാധിതരെ അഞ്ച് സെല്ലുകളിലായി മാറ്റി താമസിപ്പിച്ചിട്ടുണ്ട്. മറ്റ് തടവുകാരെ മൂന്ന് സെല്ലുകളിലായി താമസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പബ്ലിക് ഹെല്‍ത്ത് നഴ്സ് കെഎം നബീസ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെബി ശ്രീജിത്ത്, ജെപിഎച്ച്എന്‍ ടി ഹസീന എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

അതേസമയം കോവിഡ് വ്യാപനം (Covid spread) സംബന്ധിച്ച് ഡിഐജി റിപ്പോര്‍ട്ട് തേടി. സൗകര്യങ്ങള്‍ ഇല്ലാത്തിടത്ത് തടവുകാരെ (Prisoners) കൂട്ടമായി പാര്‍പ്പിച്ചതില്‍ വീഴ്ചയുണ്ടായെന്നാണ് ഉന്നത ഉദ്യോഗസ്ഥരും വിലയിരുത്തിയിട്ടുള്ളതെന്നാണ് വിവരം. വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. പുതിയ തടവുകാരെ മാനന്തവാടി ജില്ലാ ജയിലില്‍ (District Jail) പ്രവേശിപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News