കോട്ടയം: കോട്ടയം മോനിപ്പള്ളി സ്വദേശിനിയായ നഴ്‌സിനെ അമേരിക്കയില്‍ അതി ക്രൂരമായി ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബന്ധുക്കള്‍...
ശമ്പളവും കുടുംബബന്ധങ്ങളും ഇരുവരുടെയും ദാമ്പത്യ ബന്ധത്തില്‍ വില്ലനായെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മെറിന്‍ അമേരിക്കയിലെത്തി ജോലിയില്‍ പ്രവേശിച്ചതോടെ ശമ്പളത്തെ ചൊല്ലി നെവിന്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ പറയുന്നു. മെറിന്‍റെ ശമ്പളം പൂര്‍ണമായും നെവിന്റെ അക്കൗണ്ടില്‍ ഇടണമെന്നായിരുന്നു നിര്‍ദ്ദേശമെന്നും ഇതിനെ എതിര്‍ത്താല്‍ വഴക്ക് പതിവായിരുന്നെന്നും മെറിന്‍റെ പിതാവ് പറയുന്നു.
സ്വന്തം വീട്ടുകാരുമായി മെറിന്‍ സംസാരിക്കുന്നതുപോലും നെവിന്‍ ഇഷ്ടമായിരുന്നില്ലെന്നും വീട്ടുകാരെ സാമ്പത്തികമായി സഹായിക്കുന്നതിനെ നെവിന്‍ എതിര്‍ത്തിരുന്നുവെന്നും പിതാവ് ജോയി പറഞ്ഞു.
ഒരു ഫോട്ടോയെ ചൊല്ലിയും അടുത്തനാളില്‍ തര്‍ക്കമുണ്ടായതായും അദ്ദേഹം പറഞ്ഞു. വേര്‍പിരിഞ്ഞ് കഴിയുന്നതിനിടെ നെവിന്‍ മെറിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതിനെ ചൊല്ലിയായിരുന്നു അടുത്തനാളുകളില്‍ വഴക്കുണ്ടായത്. മെറിന്‍റെ വ്യക്തിഗത ചിത്രങ്ങളടക്കം നെവിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്. ഇത് പലരും കാണാനിടയായതിനെ മെറിന്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെചൊല്ലി ഇരുവരു൦ തമ്മില്‍ ഫോണില്‍ വാക്കേറ്റമുണ്ടായതായും പറയുന്നു.
Also read: അമേരിക്കയില്‍ മലയാളി യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...
നെവിനെതിരെ അമേരിക്കയിലും കേസുണ്ടെന്നും മെറിന്‍റെ പിതാവ് പറഞ്ഞു. മെറിനെ ശാരീരികമായി ഉപദ്രവിച്ചതുമായി ബന്ധപ്പെട്ടാണ് ഇത്. അമേരിക്കയില്‍ ഒരുമിച്ച് താമസിക്കവേ മെറിനെ ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സമയം മെറിന്‍റെ മാതാവും ഇവരോടൊപ്പം അമേരിക്കയിലുണ്ടായിരുന്നു. മാനസികമായി അസ്വാസ്ഥ്യമുള്ളതായി സംശയിച്ചതോടെ കൗണ്‍സിലിംഗിനടക്കം നെവിനെ വിധേയനാക്കിയിട്ടുണ്ടെന്നും പ്രശ്നങ്ങളില്ലെന്ന് ബോധ്യപ്പെട്ടിരുന്നതായും പിതാവ് പറയുന്നുണ്ട്.
കഴിഞ്ഞ ദിവസ൦, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി പാര്‍ക്കി൦ഗ് സ്ഥലത്ത് എത്തിയ മെറിനെ അവിടെ കാത്ത് നില്‍ക്കുകയായിരുന്ന നെവിന്‍ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെയാണ് സംഭവം. കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് 17 തവണ മെറിനെ കുത്തി. കുത്തേറ്റ് നിലത്ത് വീണ മെറിന്‍റെ ശരീരത്തിലൂടെ നെവിന്‍ കാര്‍ ഓടിച്ചു കയറ്റി. അക്രമം കണ്ട് ഓടിയെത്തിയവര്‍ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
കൊലയ്ക്ക് ശേഷം സംഭവസ്ഥലത്തുനിന്നു പോയ നെവിനെ എന്ന ഫിലിപ്പ് മാത്യുവിനെ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ചോരയില്‍ കുളിച്ചു വേദനകൊണ്ട് പുളയുമ്പോഴും മെറിന്‍ അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ട് എന്നെ കൊല്ലരുത് എന്നായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
അതേസമയം, മെറിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഓഗസ്റ്റ് ആദ്യവാരം തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന് കരുതുന്നതായി മെറിന്‍റെ പിതാവ് പറഞ്ഞു.