ബന്ധുവിനെ നിയമിക്കാൻ പാടില്ലെന്ന് നിയമത്തിൽ പറയുന്നില്ല; ജലീൽ രാജിവയ്ക്കേണ്ടതില്ലെന്ന് മന്ത്രി എകെ ബാലൻ

കെടി ജലീൽ ഇപ്പോൾ രാജിവയ്ക്കേണ്ടതില്ലെന്നും ഡെപ്യൂട്ടേഷനിൽ ബന്ധുവിനെ നിയമിക്കാൻ പാടില്ലെന്ന് എവിടെയും പറയുന്നില്ലെന്നും മന്ത്രി എകെ ബാലൻ

Written by - Zee Hindustan Malayalam Desk | Last Updated : Apr 10, 2021, 12:20 PM IST
  • ഡെപ്യൂട്ടേഷനിൽ ബന്ധു നിയമനം പാടില്ലെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ലെന്ന് മന്ത്രി എകെ ബാലൻ
  • ഡെപ്യൂട്ടേഷനിൽ ബന്ധുവിനെ നിയമിച്ചുവെന്നതാണെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണ്
  • അദീബ് അർഹനാണോ അല്ലയോ എന്നത് ഹൈക്കോടതിയേയും ​ഗവർണറേയും ജലീൽ നേരത്തെ തന്നെ ബോധ്യപ്പെടുത്തിയാണ്
  • ഇപ്പോൾ വന്ന ലോകായുക്ത റിപ്പോ‍ർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജലീൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എകെ ബാലൻ
ബന്ധുവിനെ നിയമിക്കാൻ പാടില്ലെന്ന് നിയമത്തിൽ പറയുന്നില്ല; ജലീൽ രാജിവയ്ക്കേണ്ടതില്ലെന്ന് മന്ത്രി എകെ ബാലൻ

തിരുവനന്തപുരം: ലോകായുക്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രി കെടി ജലീൽ രാജിവയ്ക്കേണ്ടതില്ലെന്ന് മന്ത്രി എകെ ബാലൻ. ഡെപ്യൂട്ടേഷനിൽ ബന്ധുവിനെ നിയമിക്കാൻ പാടില്ലെന്ന് എവിടെയും പറയുന്നില്ലെന്നും കെടി ജലീൽ ഇപ്പോൾ രാജിവയ്ക്കേണ്ടതില്ലെന്നും എകെ ബാലൻ പറഞ്ഞു. ജലീലിനെതിരായ ലോകായുക്ത റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി എകെ ബാലൻ. ഏതെങ്കിലും ഒരു കീഴ്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉടൻ രാജിവയ്ക്കേണ്ട സാഹചര്യം കേരളത്തിലില്ല. ജലീലിന്റെ ബന്ധുവായ അദീബിനെ ഒക്ടോബറിലാണ് നിയമിച്ചത്. ഡെപ്യൂട്ടേഷനിലായിരുന്നു നിയമനം. നിയമപരമായി അർഹനാണോയെന്ന് മാത്രമേ പരിശോധിക്കേണ്ടതുള്ളൂ.

ഡെപ്യൂട്ടേഷനിൽ ബന്ധു നിയമനം പാടില്ലെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ല. ഡെപ്യൂട്ടേഷനിൽ ബന്ധുവിനെ നിയമിച്ചുവെന്നതാണെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അങ്ങനെയെങ്കിൽ മഞ്ഞളാംകുഴി അലിയും അന്തരിച്ച മുൻ മന്ത്രി കെഎം മാണിയും ഡെപ്യൂട്ടേഷനിൽ ആളുകളെ നിയമിച്ചിട്ടുണ്ട്. അദീബ് അർഹനാണോ അല്ലയോ എന്നത് ഹൈക്കോടതിയേയും ​ഗവർണറേയും ജലീൽ നേരത്തെ തന്നെ ബോധ്യപ്പെടുത്തിയാണ്. ഇപ്പോൾ വന്ന ലോകായുക്ത റിപ്പോ‍ർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജലീൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ബാലൻ വ്യക്തമാക്കി.

നിലവിലുള്ള യോ​ഗ്യതയേക്കാളും കൂടുതൽ യോ​ഗ്യത വച്ചു എന്നാണ് പറയപ്പെടുന്നത്. ഉത്തരവ്  കിട്ടിയാലേ മറ്റ് കാര്യങ്ങൾ പറയാൻ കഴിയൂ. ആകെ 10-15 ദിവസമേ ബന്ധു ജോലിയിൽ ഉണ്ടായിരുന്നുള്ളൂ. വിവാദങ്ങൾ ഉണ്ടായതിനെ തുടർന്ന് ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് അയാളെ ഒഴിവാക്കി. സർക്കാരിന്റെ ഒരു രൂപ  പോലും വാങ്ങിയിട്ടില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു. മൂന്ന് മാസത്തിനുള്ളിൽ മാത്രമേ റിപ്പോർട്ടിൽ മുഖ്യമന്ത്രി തീരുമാനം എടുക്കേണ്ടതുള്ളൂ. അതുകൊണ്ട് തന്നെ സർക്കാരിന് സമയമുണ്ടെന്നും മന്ത്രി എകെ ബാലൻ വ്യക്തമാക്കി.

More Stories

Trending News