Road Construction: റോഡ് നിർമാണം; ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Road Construction Kerala: റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും ശാസ്ത്രീയ മാർഗങ്ങളാണ് അവലംബിച്ചുവരുന്നതെന്നും ഡിഫക്ട് ലയബിലിറ്റി പീര്യഡ് ഉൾപ്പെടെയുള്ള കാര്യങ്ങളുടെ നിരീക്ഷണത്തിന് എംഎൽഎമാർക്കുകൂടി അവസരമുണ്ടാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jul 5, 2024, 04:36 PM IST
  • 16850 കിലോമീറ്ററോളം ബിഎംബിസി നിലവാരത്തിൽ പണിതുകഴിഞ്ഞു
  • അഞ്ചുവർഷംകൊണ്ട് പകുതി റോഡുകൾ ഈ നിലവാരത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും മൂന്നുവർഷംകൊണ്ട് ലക്ഷ്യം നേടാനായി
  • വിവിധ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിലൂടെയാണ് റോഡുകളുടെ നിർമാണവും അറ്റകുറ്റപ്പണികളും മുന്നോട്ടു പോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി
Road Construction: റോഡ് നിർമാണം; ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി പരിഹരിക്കാനാണ് സർക്കാർ ‌ശ്രമമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നജീബ് കാന്തപുരം എംഎൽഎയുടെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രവൃത്തി നടക്കുന്ന റോഡുകളിലും പ്രവൃത്തി വിവിധ കാരണങ്ങളാൽ തടസപ്പെട്ട റോഡുകളിലും യൂട്ടിലിറ്റി പ്രവൃത്തി നടക്കുന്ന ചില റോഡുകളിലും കോടതി വ്യവഹാരവും മറ്റുമുള്ള റോഡുകളിലും ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.

റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും ശാസ്ത്രീയ മാർഗങ്ങളാണ് അവലംബിച്ചുവരുന്നതെന്നും ഡിഫക്ട് ലയബിലിറ്റി പീര്യഡ് ഉൾപ്പെടെയുള്ള കാര്യങ്ങളുടെ നിരീക്ഷണത്തിന് എംഎൽഎമാർക്കുകൂടി അവസരമുണ്ടാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ 90 ശതമാനം റോഡുകളും പൂർണ ഗതാഗതയോഗ്യമാണെന്ന് ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. ദേശീയശരാശരിയുടെ മൂന്നിരട്ടിയാണ് റോഡ് സാന്ദ്രതയുടെ കാര്യത്തിൽ കേരളത്തിലേത്.

സംസ്ഥാനത്ത് ആകെ 2.35 ലക്ഷം കിലോമീറ്റർ റോഡാണുള്ളത്. അതിൽ 29522 കിലോമീറ്റർ പൊതുമരാമത്ത് റോഡും 1.96 ലക്ഷം തദ്ദേശവകുപ്പിന് കീഴിലുള്ള റോഡുമാണ്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനുകീഴിൽ 24376 കിലോമീറ്റർ റോഡാണുള്ളത്. 4783 കിലോമീറ്റർ പരിപാലന കാലാവധി (ഡിഎൽപി)യിലും 19908 കിലോമീറ്റർ റോഡ് റണ്ണിംഗ് കോൺട്രാക്ട് പരിധിയിലുമാണ്. 824 കോടി രൂപയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലനത്തിനു മാത്രമായി ഭരണാനുമതി നൽകിയതെന്ന് മന്ത്രി പറഞ്ഞു.

16850 കിലോമീറ്ററോളം ബിഎംബിസി നിലവാരത്തിൽ പണിതുകഴിഞ്ഞു. അഞ്ചുവർഷംകൊണ്ട് പകുതി റോഡുകൾ ഈ നിലവാരത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും മൂന്നുവർഷംകൊണ്ട് ലക്ഷ്യം നേടാനായി. വിവിധ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിലൂടെയാണ് റോഡുകളുടെ നിർമാണവും അറ്റകുറ്റപ്പണികളും മുന്നോട്ടു പോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

നിരത്ത് വിഭാഗത്തിനു കീഴിൽ 1835 കിലോമീറ്ററും കെആർഎഫ്ബിക്കു കീഴിൽ 1120 കിലോമീറ്ററും കെഎസ്‌ടിപിക്കു കീഴിൽ 737.74 കിലോമീറ്ററും പ്രവൃത്തി നടന്നുവരികയാണ്. ഇത്തരത്തിൽ പ്രവൃത്തി പുരോഗമിക്കുന്ന 4095 കിലോമീറ്റർ വരും വർഷങ്ങളിൽ മികച്ച നിലവാരത്തിലേക്ക് ഉയർത്തപ്പെടുകയാണ്. ഇതിൽ ഭൂരിഭാഗവും ഡിസൈൻഡ് റോഡുകളായാണ് നിലവാരം ഉയർത്തുന്നത്.

പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ പെരുമ്പിലാവ് – നിലമ്പൂർ റോഡിന്റെ നിർമാണത്തിലെ അപാകതകൾ മൂലം കരാറുകാർക്കെതിരെ കർശന നടപടി എടുത്തതിനെ തുടർന്ന് കരാറുകാർ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ് വിഷയമെന്ന് മന്ത്രി പറഞ്ഞു.

നിർമാണ പ്രവൃത്തികൾ നടക്കുന്ന ദേശീയപാതയിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ദേശീയപാത അതോറിട്ടി അധികൃതരുടെ യോഗം വിളിച്ച് നടപടികൾ കാര്യക്ഷമവും വേഗത്തിലും ആക്കിയിട്ടുണ്ട്. ഏറെ പരാതികളുയർന്നത് തൃശൂർ- കുറ്റിപ്പുറം റോഡിന്റെ കാര്യത്തിലാണ്. ഇത് ഉൾപ്പെടെ കഴിഞ്ഞയാഴ്ച ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് പരിഹാര നടപടികൾ വേഗത്തിലാക്കി‌. ഓരോ റോഡിന്റെ കാര്യത്തിലും ഇത്തരത്തിൽ കാര്യക്ഷമമായ ഇടപെടലാണ്  സർക്കാർ നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു.  

കുടിവെള്ള വിതരണത്തിന് പൈപ്പ് ലൈനുകൾ സ്ഥാപിക്കാനായി റോഡുകൾ വെട്ടിപ്പൊളിക്കേണ്ടി വരുന്നുണ്ട്. ഇത്തരത്തിൽ റോഡുകൾ മുറിച്ചശേഷം മറ്റ് വകുപ്പുകൾ നടത്തുന്ന പുനഃസ്ഥാപന നടപടികൾ പലപ്പോഴും ഫലവത്താകാറില്ല. പ്രത്യേകിച്ച് ബിഎംബിസി നിലവാരത്തിലുള്ള റോഡുകളിൽ. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ മുറിക്കുന്ന റോഡുകളിൽ സാധിക്കുന്നവയുടെ പുനഃസ്ഥാപനം പൊതുമരാമത്ത് വകുപ്പ് തന്നെ ചെയ്യാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News