തിരുവനന്തപുരം: കേരളം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (NPR) നടപ്പാക്കില്ല. സംസ്ഥാനത്ത് ഇന്നു നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കില്ലയെന്നും എന്നാല്‍ നിലവില്‍ നടക്കുന്ന സെന്‍സസുമായി സഹകരിക്കുമെന്നും ഇക്കാര്യം കേന്ദ്ര സെന്‍സസ് കമ്മീഷണറെയും സംസ്ഥാനത്തെ സെന്‍സസ് ഡയറക്ടറെയും അറിയിക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
സെന്‍സസിനൊപ്പം NPR നടത്താന്‍ ശ്രമിച്ചാല്‍ വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ കേരളത്തില്‍ ഉയരുമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിവരം കേന്ദ്ര സെന്‍സസ് കമ്മീഷണറെ അറിയിക്കുന്നത്.
നേരത്തെ പൗരത്വ ഭേദഗതി നിയമം വന്നപ്പോള്‍ തന്നെ എന്‍പിആറുമായി സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു.
കൂടാതെ ഇന്നലെ സമാപിച്ച സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശവും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍പിആര്‍ നടപ്പാക്കില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.
ഇതിനിടയില്‍ തദ്ദേശ വാര്‍ഡ് വിഭജന കരട് ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി. തദ്ദേശ വാര്‍ഡുകള്‍ വിഭജിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. എന്നാല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ ഓഡിനന്‍സില്‍ തീരുമാനിച്ച രീതിയില്‍ മുന്നോട്ടുപോകാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.
മാത്രമല്ല ഈ മാസം 30 ന് നിയസഭ വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
ആര്‍എസ്എസ് അജന്‍ഡയായ പൗരത്വ രജിസ്റ്റര്‍ കേരളം നടപ്പാക്കില്ലെന്നും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള എല്ലാ നടപടികളും സംസ്ഥാനം സ്റ്റേ ചെയ്തു കഴിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെതന്നെ അറിയിച്ചിരുന്നു.
ഭരണഘടനയ്ക്ക് അനുസൃതമായേ ഏതു നിയമവും നടപ്പാക്കാനാകൂവെന്നും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഇല്ലെങ്കില്‍ പൗരത്വ നിയമത്തിനുതന്നെ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.